09 June, 2019 03:46:01 PM
പാലക്കാട് തണ്ണിശ്ശേരിയിൽ മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു
പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയിൽ മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. നെല്ലിയാമ്പതിയിൽ അപകടത്തിൽ പരുക്കേറ്റവരെയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസാണ് അപകടത്തില്‍പെട്ടത്. ആംബുലൻസ് ഡ്രൈവർ സുധീർ, പട്ടാമ്പി സ്വദേശികളായ നാസർ, ഫവാസ്, സുബൈർ, ഷാഫി, സുലൈമാൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
പട്ടാമ്പിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാമ്പി സ്വദേശികൾ. ഇവർക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ നെന്മാറയിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. വിവരമറിയിച്ചപ്പോൾ ഇവരെ കാണാൻ പട്ടാമ്പിയിൽ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലൻസിൽ കയറിയത്.
സ്കാനിംഗ്, എക്സ്റേ അടക്കമുള്ള തുടർ പരിശോധനകൾക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. പാലക്കാട്ടെത്തുന്നതിന് മുമ്പ് തണ്ണിശ്ശേരിയിൽ വച്ച് മീൻ കൊണ്ടുപോകുന്ന ലോറിയുമായി ആംബുലൻസ് കൂട്ടിയിടിക്കുകയായിരുന്നു.