09 June, 2019 02:54:35 PM
നസീറിനെ പിന്തുടർന്നു വെട്ടി വീഴ്ത്തിയ ശേഷം ശരീരത്തിൽ ബൈക്ക് കയറ്റി; ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച സി.ഒ.ടി. നസീറിനെ അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. തലശേരി കയ്യാത്ത് റോഡിൽ നസീറിനെ അക്രമികള്‍ പിന്തുടർന്നു വെട്ടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. വെട്ടിവീഴ്ത്തിയശേഷം ബൈക്ക് നസീറിന്‍റെ ശരീരത്തിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. മേയ് 18ന് രാത്രിയാണ് നസീർ അക്രമിക്കപ്പെട്ടത്. സംഭവത്തിൽ 3 പേർ അറസ്‌റ്റിലാവുകയും 2 പേർ കോടതിയിൽ കീഴടങ്ങുകയും ചെയ്‌തിട്ടുണ്ട്.
അക്രമത്തിനു പിന്നിൽ പിന്നിൽ എ.എൻ.ഷംസീർ എംഎൽഎയും 2 സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണെന്നാണ് നസീറിന്റെ വാദം. തലശ്ശേരി സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചില ആക്ഷേപങ്ങൾ എംഎൽഎയ്ക്ക് എതിരാണെന്നു തോന്നിയതിനാലായിരിക്കണം അക്രമം ആസൂത്രണം ചെയ്‌തതെന്നായിരുന്നു നസീറിന്‍റെ ആരോപണം. കായ്യത്ത് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളിൽ നിന്നും തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ നിന്നും സിപിഎം കമ്മിഷൻ തെളിവെടുപ്പു നടത്തിയിരുന്നു. അക്രമമുണ്ടായതിനെ തുടർന്ന് നസീറിനെ സിപിഎം നേതാവ് പി. ജയരാജൻ സന്ദർശിച്ചിരുന്നു. അക്രമത്തിൽ പാർട്ടിക്കു പങ്കില്ലെന്നാണു സിപിഎമ്മിന്റെ വിശദീകരണം.