29 December, 2015 10:34:41 AM
ബോംബേറുകള്‍ പതിവായ കണ്ണൂരില്‍ പോലീസ് വെറും നോക്കുകുത്തി
കണ്ണൂര്‍: രാഷ്‌ട്രീയ സംഘര്‍ഷങ്ങളിലെ ബോംബേറുകള്‍ പതിവായ കണ്ണൂരില്‍ ഇപ്പോള്‍ കുറ്റിക്കാട്ടില്‍ വിറകെടുക്കാന്‍ പോകുന്നവരും പറമ്പില്‍ കൃഷിചെയ്യുന്നവരും ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നതും പതിവ് വാര്‍ത്തയാകുന്നു.
കണ്ണൂര്‍ ധര്‍മടത്ത് ബോംബ് സ്‌ഫോടനത്തില്‍ വിറകുശേഖരിക്കാന്‍ പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ യുവാവ് മരിച്ച സംഭവവും വീട്ടമ്മയ്‌ക്ക് പരുക്കേറ്റ സംഭവവും അടുത്തിടെയാണ് നടന്നത്. സജീവന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലചെയ്‌തതാണെന്നും എന്നാല്‍ ആരെങ്കെിലും ഉപേക്ഷിച്ച ബോംബ് അബദ്ധത്തില്‍ പൊട്ടിയതാകാമെന്നുമാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കൂത്തുപറമ്പ്, കതിരൂര്‍ മേഖലകളില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെത്തിയിരുന്നു. ഒരു ഭാഗത്ത് പരിശോധനകള്‍ നടക്കുമ്പോഴും മറുവശത്ത് ആയുധ നിര്‍മാണം വ്യാപകമാണെന്ന സൂചനയാണ് ഇതിലൂടെ വ്യക്‌തമായിരിക്കുന്നത്.
രണ്ട് മാസം മുന്‍പ് മൊകേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനടുത്ത് ഒഴിഞ്ഞ സ്‌ഥലത്ത് കിടന്ന ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഓരോ അക്രമ സംഭവങ്ങള്‍ക്കു ശേഷം സ്‌ഥലം സന്ദര്‍ശിക്കുന്ന നേതാക്കള്‍ തന്നെയാണ് എതിരാളികളെ ഉന്മൂലനം ചെയ്യുമെന്ന രീതിയില്‍ ഭീഷണി പ്രസംഗം നടത്തി അണികള്‍ക്ക് ഊര്‍ജം പകരുന്നത്.
വിവിധ പാര്‍ട്ടികള്‍ ബോംബുകള്‍, സ്‌ഫോടകവസ്‌തുക്കള്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ടെന്നതു പോലീസിനും പകല്‍ വെളിച്ചം പോലെ അറിയാവുന്നതാണ്. എന്നാല്‍ പൊലീസ് കൈയും കെട്ടി നോക്കിനില്‍ക്കുന്നു. ബോംബ് ശേഖരം തേടിയുള്ള പരിശോധകള്‍ ദിനം പ്രതി നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടികളുടെ ശക്‌തികേന്ദ്രങ്ങളുള്‍പ്പെടുന്ന പല പ്രദേശങ്ങളിലും പോലീസ് അധികൃതര്‍ക്ക് ഇതുവരെ പ്രവേശിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നതാണ് സത്യം.