05 June, 2019 08:07:27 AM


അടിമാലിയിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തി മാലയുമായി കടന്ന യുവാവ്‌ അറസ്‌റ്റില്‍




അടിമാലി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഒന്നര പവന്റെ മാലയുമായി പുറത്തേക്കോടി രക്ഷപ്പെട്ട യുവാവ്‌ അറസ്‌റ്റില്‍. മാങ്കുളം വിരിപാറ വെളിങ്കലിങ്കല്‍ സനീഷാ(26)ണു പിടിയിലായത്‌. ബസ്‌ സ്‌റ്റാന്‍ഡ്‌ ജങ്‌ഷനിലെ വെളിയത്ത്‌ ജൂവലറിയില്‍നിന്നു തിങ്കളാഴ്‌ച വൈകിട്ട്‌ നാലോടെയാണു മാല മോഷ്‌ടിച്ചത്‌. മാല വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ പ്രതി വ്യത്യസ്‌ത മാതൃകയിലുള്ളവ പരിശോധിച്ചു. അതിനിടെ, നാല്‍പ്പതിനായിരത്തോളം രൂപ വിലവരുന്ന ഒന്നര പവന്റെ മാലയുമായി പുറത്തേക്കോടി. 

ഉടമ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ജൂവലറിയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ്‌, പ്രതി മാങ്കുളം സ്വദേശി സനീഷാണെന്നു തിരിച്ചറിഞ്ഞു. തിങ്കളാഴ്‌ച രാത്രിതന്നെ പോലീസ്‌, സനീഷിന്റെ വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്തു. മോഷ്‌ടിച്ച മാല ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തതായും പോലീസ്‌ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K