29 December, 2015 10:23:30 AM
കണ്ണൂര്‍ ജില്ലാ ആശുപത്രി അമ്മത്തൊട്ടില്‍ പ്രവര്‍ത്തനരഹിതം
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ട് വര്‍ഷത്തോളം. രണ്ടു വര്‍ഷം മുമ്പ് കുട്ടികളുടെ വാര്‍ഡ് നവീകരിക്കാനായി പ്രവര്‍ത്തനം നിര്‍ത്തി വച്ചതാണ്. അടച്ചിട്ടതിനാല്‍ മുറിയുടെ വാതില്‍ മുതല്‍ ഇലക്ട്രോണിക് സംവിധാനം വരെ പ്രവര്‍ത്തനരഹിതമായി. അലാറവും പ്രവര്‍ത്തിക്കുന്നില്ല.
കുട്ടികളുടെ വാര്‍ഡ് 2015 ഫെബ്രുവരിയില്‍ ദേശീയഗെയിംസിനോടനുബന്ധിച്ച് പുതുക്കിപ്പണിത് പ്രവര്‍ത്തനമാരംഭിച്ചു. എന്നിട്ടും അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചില്ല. 2009 ഡിസംബര്‍ 24 നാണ് ജില്ലാ ആശുപത്രിയില്‍ അമ്മത്തൊട്ടില്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനിടെ മൂന്നു കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിന് ലഭിച്ചിരുന്നു.
കുട്ടികളെ സുരക്ഷിതമായി തൊട്ടിലില്‍ കിടത്തി തിരിച്ചുപോവാന്‍ കഴിയുന്ന വിധത്തിലാണ് അമ്മത്തൊട്ടില്‍ സ്ഥാപിച്ചിരുന്നത്. മുറിക്കുള്ളില്‍ പ്രവേശിച്ചാല്‍ ഉള്‍വശത്തെ മറ്റൊരു വാതില്‍ തനിയെ തുറന്ന് തൊട്ടില്‍ പുറത്തുകാണും. അതിനോടൊപ്പം തന്നെ മാതാവ് കേള്‍ക്കാനായി മൈക്കിലൂടെ അറിയിപ്പും വരും. ഇതെല്ലാം കേട്ടിട്ടും വളര്‍ത്താന്‍ താല്പര്യമില്ലെങ്കില്‍ മാത്രം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തണം. ഇക്കാര്യം ആശുപത്രി ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിക്കുന്നതോടെ കുഞ്ഞിനെ അവര്‍ ഏറ്റെടുക്കും. ഈ വിധം ലഭിക്കുന്ന കുഞ്ഞുങ്ങളെ അനാഥാലയങ്ങളില്‍ വളര്‍ത്തുകയോ ദത്തു നല്‍കുകയോ ചെയ്യാറാണ് പതിവ്.