03 May, 2019 07:56:16 AM
ആലപ്പുഴ ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാകും - മന്ത്രി സുധാകരന്‍; മേൽപ്പാലത്തിന് അനുമതിയായി
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. നാലു മാസത്തിലേറെയായി തടസ്സപ്പെട്ട പണി പുനരാരംഭിക്കാന്‍ റെയില്‍വേയുടെ പച്ചക്കൊടി ലഭിച്ചു. ഓഗസ്റ്റിലെങ്കിലും ബൈപ്പാസ് തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞതായി ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തു.
1987 ല്‍ തറക്കല്ലിട്ടതാണ്. തടസ്സങ്ങള്‍ മാത്രമായിരുന്നു എപ്പോഴും. ദേശീയപാതയിലെ കൊമ്മാടിയില്‍ നിന്ന് തുടങ്ങി കടലിനോട് ചേര്‍ന്ന് 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ ആണ് കളര്‍കോട് ദേശീയപാതയിലെത്തുക. നാലു മാസം മുമ്പ് അപ്രോച്ച് റോഡടക്കം 90 ശതമാനം പണിയും പൂര്‍ത്തിയായപ്പോഴാണ് റെയില്‍വേ വില്ലനായത്. എലിവേറ്റഡ് ഹൈവേയുടെ രണ്ടിടങ്ങളിലൂടെ റെയില്‍പാത കടന്നുപോകുന്നുണ്ട്. ഇവിടെ മേല്‍പ്പാലം പണിയാന്‍ റെയില്‍വേയുടെ അനുമതി വേണം. അനുമതി വൈകിയതോടെ ബൈപ്പാസ് നിര്‍മ്മാണം വീണ്ടും മുടങ്ങി.
സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയ്ക്ക് പണമടച്ച് റെയില്‍വേ നിയോഗിച്ച കമ്പനിയുമായി നിര്‍മ്മാണക്കരാറായി. ഇനി എത്രയും വേഗം പണി തുടങ്ങും. മഴ തടസ്സമായാലും ഓഗസ്റ്റില്‍ തന്നെ പണി പൂര്‍ത്തിയാക്കി ബൈപ്പാസ് തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥരും നിര്‍മ്മാണം നടത്തേണ്ട കമ്പനിയുടെ പ്രതിനിധികളും രണ്ടിടങ്ങളും സന്ദര്‍ശിച്ചു. ഇവിടെ ഓവര്‍ബ്രിഡ്ജ് പണിയാന്‍ അഞ്ചുമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കണം. അതിനുള്ള ഒരുക്കം പൂര്‍ത്തിയായ ഉടന്‍ ജോലി തുടങ്ങാനാണ് ശ്രമം. ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരം ഭാഗത്തേക്കും എറണകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.