29 April, 2019 07:57:28 AM


കള്ളനോട്ട്‌ നല്‍കി സാധനങ്ങള്‍ വാങ്ങിയ സംഭവത്തില്‍ കായംകുളത്ത് മൂന്നുപേര്‍ അറസ്‌റ്റില്‍



കായംകുളം: കള്ളനോട്ട്‌ നല്‍കി സാധനങ്ങള്‍ വാങ്ങി പണം മാറ്റിയതുമായി ബന്ധപ്പെട്ട മൂന്നംഗ സംഘത്തെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പുതുപ്പള്ളി വടക്ക്‌ കൊച്ചുമുറിയില്‍ സുരേഷ്‌ ഭവനില്‍ സുരേഷ്‌കുമാര്‍(41), ചേരാവള്ളി കൃഷ്‌ണവിലാസത്തില്‍ വാടകയ്‌ക്ക് താമസിക്കുന്ന മുംതാസ്‌(45), ആറാട്ടുപുഴ വലിയഴീക്കല്‍ മണപറമ്പില്‍ ബാബുക്കുട്ടന്‍(33) എന്നിവരെയാണ്‌ എസ്‌.ഐ ഷാരോണിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌.


കഴിഞ്ഞ ദിവസം സുരേഷ്‌കുമാറും മുംതാസും ചേര്‍ന്ന്‌ മുക്കട ജങ്‌ഷന്‌ സമീപമുള്ള ഒരു കടയില്‍ നിന്നും 200 രൂപയുടെ സാധനങ്ങള്‍ വാങ്ങി, 2,000 രൂപയുടെ നോട്ട്‌ നല്‍കി ബാക്കി 1,800 രൂപ കൈപ്പറ്റി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കടയുടമ നോട്ട്‌ പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന്‌ തിരിച്ചറിയുകയായിരുന്നു. അപ്പോഴേക്കും ഇവര്‍ പോയിക്കഴിഞ്ഞിരുന്നു. കടയുടമ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ സുരേഷ്‌കുമാറിനെ തിരിച്ചറിഞ്ഞു.


സുരേഷ്‌കുമാറിനെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോള്‍ മുംതാസ്‌ തനിക്ക്‌ നല്‍കിയ പണമാണെന്ന്‌ പറഞ്ഞു. പിന്നീട്‌ മുംതാസിനെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോള്‍ മുംതാസിന്‌ പണം നല്‍കിയത്‌ മത്സ്യത്തൊഴിലാളിയായ ബാബുക്കുട്ടനാണെന്ന്‌ തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ ബാബുക്കുട്ടനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ നീണ്ടകര ഹാര്‍ബറില്‍ നിന്നും വ്യാപാരത്തിനായി നീണ്ടകരയില്‍ എത്തിയപ്പോള്‍ തനിക്ക്‌ കിട്ടിയ നോട്ടാണ്‌ ഇതെന്നും കള്ളനോട്ടാണെന്ന്‌ അറിഞ്ഞില്ലെന്നുമാണ്‌ ഇയാള്‍ പറഞ്ഞത്‌. തുടര്‍ന്ന്‌ മൂവരെയും പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു. നീണ്ടകര കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K