26 April, 2019 04:32:11 PM
മോതിരം മാറി യാത്ര പറഞ്ഞത് മരണത്തിലേക്ക്; വിനീഷിന്‍റെ മരണത്തില്‍ നടുങ്ങി പ്രതിശ്രുതവധു
ആലപ്പുഴ: അര്‍ദ്ധരാത്രി ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കത്തിലാണ് തിരുവനന്തപുരത്തെ പ്രതിശ്രുത വധുവും കുടുംബാംഗങ്ങളും. ഒപ്പം കണ്ണൂരിലെ മട്ടന്നൂര്‍ തെരൂര്‍ ഗ്രാമവും തേങ്ങുന്നു, ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയ പാതയിലെ വാഹനാപകടത്തില്‍ മരിച്ചത് പ്രതിശ്രുത വരനും അടുത്ത ബന്ധുക്കളുമാണ്. വിനീഷിന്‍റെ വിവാഹ നിശ്ചയത്തിന് പുറപ്പെട്ടതായിരുന്നു കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നുള്ള പതിനനഞ്ചംഗ സംഘം. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. അതിന് ശേഷം തിരിച്ച് നാട്ടിലേക്ക് മടങ്ങും വഴിയാണ് വാഹനാപകടമുണ്ടായത്.
മെയ് 30ന് കല്യാണം നിശ്ചയിച്ച് മോതിരവും കൈമാറി തിരുവനന്തപുരത്തു നിന്നും മടങ്ങിയതാണ് വിനീഷും കുടുംബാംഗങ്ങളും. കണിച്ചുകുളങ്ങരയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത് .വിനീഷും ഇളയമ്മ പ്രസന്നയും ബന്ധു വിജയകുമാറും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിലെ ചില സീറ്റുകള്‍ തെറിച്ച് റോഡില്‍ വീണു. തെറിച്ച് വീണ സീറ്റുകളിലായിരുന്നു മരിച്ച മൂന്ന് പേരും. അമ്മ ശ്യാമളയുടെ കണ്‍മുന്നില്‍ വച്ചാണ് ബിനീഷിന്‍റെ മരണം.
ടിപ്പര്‍ ലോറി ഡ്രൈവറാണ് മട്ടന്നൂര്‍ തെരൂര്‍ സ്വദേശി ബിനീഷ്. കുടുംബത്തിന്‍റെ ഏക ആശ്രയം. ബിനീഷിന്‍റെ അച്ഛന്‍ രവീന്ദ്രന് സംസാര ശേഷിയില്ല. ലോട്ടറി വില്‍പ്പനക്കാരനാണ് രവീന്ദ്രന്‍. ചെറിയ വരുമാനം മാത്രം. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മറ്റ് ജോലികള്‍ക്കൊന്നും പോകാനാവുന്നില്ല. അമ്മ ശ്യാമളയും രോഗിയാണ്. ഒരു കുടുംബത്തിന്‍റെ തണലാണ് വിനീഷിന്‍റെ മരണത്തോടെ ഇല്ലാതായത്.
വിനീഷിന്‍റെ മരണം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. പതിനേഴംഗ സംഘമാണ് ബിനീഷിന്‍റെ കല്യാണമുറപ്പിക്കാന്‍ തിരുവനന്തപുരത്തേക്ക് പോയത്. ട്രാവലറിലേയും ബസിലേയും മറ്റ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും .നാളെയാണ് സംസ്കാരം.