26 April, 2019 04:01:27 PM
ആലത്തൂരില്‍ ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു!
ആലത്തൂര്‍: വന്‍ അട്ടിമറി സാധ്യത പ്രവചിക്കപ്പെടുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ മുന്നിലാണ് ആലത്തൂര്‍. പികെ ബിജു എംപി മൂന്നാവട്ടം ജനവിധി തേടാന്‍ എത്തിയപ്പോള്‍ ഇടതുപക്ഷം 100 ശതമാനവും വിജയം ഉറപ്പിച്ച മണ്ഡലം കൂടിയായ ആലത്തൂരില്‍ പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ രമ്യ ഹരിദാസ് വളരെയേറെ മുന്നിലേക്ക് കയറി വന്നു. രമ്യ ബിജുവിനെ അട്ടിമറിക്കും എന്ന് തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോഴാണ് ആലത്തൂരില്‍ ബിജുവിനെ നേരിടാന്‍ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് നിയോഗിക്കുന്നത്. പികെ ബിജുവും ഇടത് പക്ഷവും വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ തുടക്കത്തില്‍ രമ്യയ്ക്ക് ഒരു സാധ്യതയും യുഡിഎഫ് പോലും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കളം തിരിഞ്ഞതോടെ, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കാനുളള നീക്കത്തിലാണ് രമ്യ ഹരിദാസ്.
അപ്രതീക്ഷിതമായാണ് ബിജുവിനെ അട്ടിമറിക്കാന്‍ കെല്‍പ്പുളള സ്ഥാനാര്‍ത്ഥിയായി രമ്യ ഉയര്‍ന്നത്. പാട്ട് പാടിയുളള പ്രചാരണത്തിലൂടെ രമ്യ ആളുകളെ കയ്യിലെടുത്തു. ഇത് സിപിഎം അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചതോടെ രമ്യയുടൈ മൈലേജ് കൂടി. രമ്യയ്ക്ക് എതിരെ ദീപ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റും എ വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശവും ഇടത് പക്ഷത്തിന് വലിയ ക്ഷീണമായി. ആരും അറിയാത്ത സ്ഥാനാര്‍ത്ഥി ആവുമായിരുന്ന രമ്യ കേരളം മുഴുവന്‍ അറിഞ്ഞു. മണ്ഡലത്തില്‍ സിപിഎം പരാജയം മണത്തു.
തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറും രമ്യക്ക് സഹതാപം ലഭിക്കാന്‍ ഇടയായി. പോളിംഗ് കഴിഞ്ഞപ്പോള്‍ ആലത്തൂരില്‍ സിപിഎമ്മിന് ആശങ്കകളുണ്ട്. അതേസമയം കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസത്തിലുമാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ രമ്യ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കുന്നത് ഭരണം നിലനിര്‍ത്താനുളള യുഡിഎഫ് തന്ത്രത്തിന്‍റെ ഭാഗമായിട്ടാണെന്നും പറയപ്പെടുന്നു.