19 April, 2019 11:14:03 AM
കുഴല്‍മന്ദം കാളിമൂത്തി ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്ക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിവീഴ്ത്തി
പാലക്കാട്: പാലക്കാട് കുഴല്‍മന്ദം കാളിമൂത്തി ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്ക്കിടെ ആന ഇടഞ്ഞു. ഇന്നലെ വൈകിട്ട് എഴുന്നള്ളിപ്പിനായി എത്തിച്ച വടക്കുംനാഥന്‍ ഗണേഷ് എന്ന ആനയാണ് ഇടഞ്ഞ് വാഹനങ്ങളും മതിലുകളും തകര്‍ത്തത്. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വയ്ക്കാതെ തന്നെ ആനയെ തളച്ചു.
ആനയുടെ നെറ്റിയിലും കൊമ്പിന്റെ ആരംഭ ഭാഗങ്ങളിലും മുറിവുകളുണ്ട്. ആന മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതാണ് ഇടയാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഒന്നാം പാപ്പാനായ രാജുവിനെ കുത്തിവീഴ്ത്തിയ ശേഷമാണ് ഇടഞ്ഞോടിയത്. എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ വാഹനവും മറ്റ് രണ്ട് കാറുകളും ആന തകര്‍ത്തു. ആറോളം വീടുകളുടെ മതിലുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മയക്കുവെടി വിദഗ്ധന്‍ ഡോ. എന്‍ പൊന്നുമണിയുടെ നേതൃത്വത്തില്‍ എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ആനയെ തളച്ചത്.