11 April, 2019 10:34:15 AM


വരള്‍ച്ച: കിണര്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കും

 


ഇടുക്കി: രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതിനും പുതിയ പരിഹാര നടപടികള്‍ ഏറ്റെടുക്കുന്നതിനുമായി ഹരിതകേരള മിഷന്റെ ഭാഗമായി ജലഉപമിഷന്റെ ജില്ലാതല യോഗം എ.ഡി.എം അനില്‍ ഉമ്മന്‍റെ ചേമ്പറില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും സാങ്കേതിക സമിതികള്‍ രൂപീകരിച്ച് പരിഹാര നടപടികള്‍ ഏറ്റെടുക്കും.


പഞ്ചായത്ത് തലത്തില്‍ കൃഷി ഓഫീസര്‍, വി.ഇ.ഒ, എല്‍.എസ്.ജി.ഡി എഞ്ചിനീയര്‍, എന്‍.ആര്‍.ഇ.ജി.എ എഞ്ചിനീയര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ ഉല്‍പ്പെടുന്ന സാങ്കേതിക സമിതി പ്രവര്‍ത്തിക്കും. ബ്ലോക്ക്തലത്തില്‍ നീര്‍ത്തട മാസ്‌ററര്‍ പ്ലാന്‍ തയ്യാറാക്കും. കിണര്‍, കുളങ്ങള്‍ എന്നിവയുടെ റീച്ചാര്‍ജ്ജിംഗ്, നവീകരണം, ജലാശയ ശുചീകരണം, താല്‍ക്കാലിക തടയണകളുടെ നിര്‍മ്മാണം, നിലവിലെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കല്‍ തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കുമെന്ന് ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.ജി മധു പറഞ്ഞു.


ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള സമയത്തെ ജലവേഗതയും ലഭ്യതയും സ്‌കെയില്‍ കണക്കിന് അളന്ന് ജലബഡ്ജറ്റിംഗ് നടത്തി വരുന്നുണ്ട്. ഭൂജല വകുപ്പ്, ജലവിഭവ വകുപ്പ്, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നിര്‍വ്വഹണം നടത്തുക. യോഗത്തില്‍ എ.ഡി.എം അനില്‍ ഉമ്മന്‍,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല, വിവിധ വകുപ്പ് മേധാവികള്‍, എട്ട് ബ്ലോക്കിനെ പ്രധിനീധീകരിച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ജിയോളജിസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K