11 April, 2019 10:00:48 AM
ജനാധിപത്യ സംവിധാനത്തില്‍ വോട്ടു ചെയ്യുന്നതിന്‍റെ പ്രാധാന്യം പ്രചരിപ്പിച്ച് തോല്‍പ്പാവക്കൂത്ത്
പാലക്കാട്: ജനാധിപത്യ സംവിധാനം കെട്ടിപ്പെടുക്കുന്നതില്‍ ഓരോ പൗരന്‍റെയും വോട്ട് വിലപ്പെട്ടതാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ തോല്‍പ്പാവക്കൂത്ത്. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍), പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനായി സംഘടിപ്പിക്കുന്ന തോല്‍പ്പാവക്കൂത്തിന് ആരംഭമായി.
മൂന്നു ദിവസങ്ങളിലായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലേയും നാല് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥതോല്‍പ്പാവക്കൂത്ത് പ്രദര്‍ശനം നടക്കും. ഒരു ദിവസം നാല് നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം. ആദ്യദിനത്തില്‍ പാലക്കാട്, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് പാവക്കൂത്ത് പ്രദര്‍ശിപ്പിക്കുന്നത്.
പാലക്കാട് മണ്ഡലത്തില്‍ മുനിസിപ്പല്‍ സ്റ്റാന്റ്, ഒലവക്കോട് ജംഗ്ഷന്‍ എന്നിവിടങ്ങളിലും കോങ്ങാട് മണ്ഡലത്തില്‍ കോങ്ങാട് ജംഗ്ഷന്‍, കല്ലടിക്കോട് ദീപ തിയേറ്റര്‍, പത്തിരിപ്പാല ജംഗ്ഷന്‍, മലമ്പുഴ മണ്ഡലത്തില്‍ മലമ്പുഴ ഗാര്‍ഡന്‍, കഞ്ചിക്കോട് സത്രപ്പടി, ചന്ദ്രാപുരം ജംഗ്ഷന്‍, അട്ടപ്പള്ളം, മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ തച്ചമ്പാറ, മണ്ണാര്‍ക്കാട് കോടതിപ്പടി എന്നിവിടങ്ങളിലും പ്രദര്‍ശനം നടത്തും.
തോല്‍പ്പാവക്കൂത്തിലെ നൂല്‍പ്പാവക്കൂത്ത്, നിഴല്‍പ്പാവക്കൂത്ത് എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. പകല്‍ സമയങ്ങളില്‍ നൂല്‍പ്പാവക്കൂത്തും രാത്രിയില്‍ നിഴല്‍പ്പാവക്കൂത്തുമായി രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം നേടിയ തോല്‍പ്പാവക്കൂത്ത് കലാകാരന്‍ രാജീവ് നേതൃത്വം നല്‍കും.