30 March, 2019 09:41:50 PM
തൊടുപുഴയില്‍ ഏഴു വയസുകാരനെ മർദ്ദിച്ച കേസില്‍ അരുണ്‍ ആനന്ദ് റിമാന്‍ഡില്‍
തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ റിമാന്‍ഡ് ചെയ്തു. ഇടുക്കി കോടതി രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി ഏഴ് വയസുകാരനെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് പൊലീസ് പറയുന്നു. പ്രതിയ്ക്കെതിരെ പോക്സോ ചുമത്തും.
പ്രതിയെ ഇവർ താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടിൽ വച്ച് കുട്ടിയെ മർദ്ദിച്ചതും ഭിത്തിയിലിടിച്ചതുമെല്ലാം പ്രതി പൊലീസിനോട് വിശദീകരിച്ചു. ഇളയ കുട്ടിയെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്ക് മരുന്നിന് അടിമയാണെന്നാണ് നിഗമനം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മർദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്. കുട്ടികളുടെ പിതാവിന്‍റെ മരണത്തിൽ ആരോപണം ഉയർന്നാൽ അതും അന്വേഷിക്കും. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.