30 March, 2019 09:31:33 AM
ബാലന് ക്രൂരമര്‍ദനമേറ്റ സംഭവത്തിലെ അമ്മയും കാമുകനും ബി.ടെക് ബിരുദധാരികൾ
തൊടുപുഴ: തൊടുപുഴയില്‍ ബാലന് ക്രൂരമര്‍ദനമേറ്റ സംഭവത്തിലെ അമ്മയും കാമുകനും ബി.ടെക് ബിരുദധാരികള്‍. ഇരുവരും മുന്‍പ് വേറെ വിവാഹം കഴിച്ചവരാണ്. കുട്ടിയെ മര്‍ദിച്ചു മൃതപ്രായനാക്കിയ അരുണ്‍ ആനന്ദ് തലസ്ഥാനത്ത് കൊലക്കേസടക്കംക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കോബ്ര(മൂര്‍ഖന്‍) അരുണ്‍ എന്ന് അറിയപ്പെടുന്ന പ്രതി സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്.
ഉടുമ്പന്നൂര്‍ സ്വദേശിയായ റിട്ട. അധ്യാപികയുടെ മകളാണ് കുട്ടിയുടെ അമ്മ. ബിടെക് ബിരുദധാരിയായ യുവതി സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ എസ് എസ് എല്‍ സി പാസായ ആള്‍ കൂടിയാണ്. അരുണ്‍ ആനന്ദും യുവതിയും ബി ടെക് ബിരുദധാരിയാണെങ്കിലും തൊഴില്‍ രഹിതരായിരുന്നു. ഇരുവര്‍ക്കും ജോലിക്കു പോകാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും നയിച്ചിരുന്നത് ആര്‍ഭാട ജീവിതമായിരുന്നു.
ഭര്‍ത്താവ് മരിച്ച് മൂന്നുമാസങ്ങള്‍ കഴിയുംമുമ്പേ യുവതി നന്ദന്‍കോട് സ്വദേശി അരുണുമായി ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. തിരുവനന്തപുരം സ്വദേശിയായ ബിജുവായിരുന്നു ഭര്‍ത്താവ്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ബിജു ഒരു വര്‍ഷം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതോടെയാണു ഭര്‍ത്താവിന്റെ പിതൃസഹോദരിയുടെ മകനായ അരുണ്‍ ആനന്ദുമായി യുവതി അടുപ്പത്തിലാകുന്നത്. അരുണും ആദ്യം വിവാഹിതനായ ആളാണ്. വിവാഹം കഴിച്ചത് ഫാഷന്‍ ഡിെസെനറെ ആണ്. കുട്ടിയായശേഷം ഇൗ ബന്ധം വേര്‍പെടുത്തി.
ഇരുവരും ഒരുമിച്ചു ജീവിക്കുകയായിരുന്നു എങ്കിലും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായി പോയ ശേഷം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് യുവതി മടങ്ങിയില്ല. താന്‍ അരുണിനൊപ്പം ജീവിക്കാന്‍ പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചു. മാതാവ് എതിര്‍ത്തെങ്കിലും മക്കളെയും കൂട്ടി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. ഇതിനിടെ, മകളെ കാണാനില്ലന്ന് കാട്ടി കരിമണ്ണൂര്‍ സ്‌റ്റേഷനില്‍ മാതാവ് പരാതി നല്‍കി. ഇതോടെ, അരുണിനൊപ്പം യുവതി സ്‌റ്റേഷനിലെത്തി. നിലപാടു മാറ്റാത്തതിനാല്‍ ഇയാള്‍ക്കൊപ്പം പോകാന്‍ പോലീസ് അനുവദിച്ചു. പിതാവിന്റെ മരണത്തിനു തൊട്ടുപിന്നാലെ അമ്മ പ്രണയത്തില്‍ കുടുങ്ങിയതോടെയാണ് ഏഴുവയസ്സുകാരന് പീഡനം തുടങ്ങിയത്.
തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥരായ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയയാളാണ് അരുണ്‍. മൂത്ത സഹോദരന്‍ െസെനിക ഉദ്യോഗസ്ഥനാണ്. പിതാവ് സര്‍വീസിലിരിക്കെ മരിച്ചതിനാല്‍ ആശ്രിത നിയമനത്തിന് അവസരം ലഭിച്ചെങ്കിലും അരുണ്‍ വേണ്ടെന്ന് വച്ചു. ജോലിക്കു പോകുന്നതിനുപകരം ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടാക്കാനായിരുന്നു അരുണിനു താല്‍പര്യം.
തലസ്ഥാനത്തെ മിക്ക അധോലോക സംഘങ്ങളുമായി അരുണ്‍ അടുത്തബന്ധം സ്ഥാപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ബിയര്‍കുപ്പി തലയ്ക്കടിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. തിരുവനന്തപുരം സബ്ജയിലില്‍ കിടന്നെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. വിദ്യാര്‍ഥി ജീവിതത്തില്‍തന്നെ അരുണ്‍ ക്രിമിനല്‍ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരുന്നു എന്നാണു പോലീസ് പറയുന്നത്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടിയതുള്‍പ്പെടെ മറ്റ് ആറു കേസുകളും അരുണിന്റെ പേരിലുണ്ട്. കഞ്ചാവും മയക്കുമരുന്ന് വിതരണവുമടക്കം പല കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ട അരുണ്‍ പോലീസിന്റെ സ്ഥിരം കുറ്റവാളിപട്ടികയിലും ഇടംപിടിച്ചിരുന്നു.