15 March, 2019 08:01:20 PM
രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകണമെങ്കില്‍ ഇടതുപക്ഷ എംപിമാര്‍ കൈപൊക്കണം - ജി.സുധാകരന്
മാവേലിക്കര: അടുത്തതായി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത് ഇടതുപക്ഷ പിന്തുണയോടുകൂടിയുള്ള മതനിരപേക്ഷ സര്‍ക്കാരായിരിക്കുമെന്ന് മന്ത്രി ജി.സുധാകരന്. ഇടതുപക്ഷ എംപിമാര്‍ കൈപൊക്കിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്കോ സോണിയ ഗാന്ധിക്കോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഇനി കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ രാഹുല്‍ഗാന്ധി എത്തുമ്പോള്‍ ചില വികാര പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും ഡല്‍ഹിയില്‍ ചെന്നാല്‍ സീതാറാം യെച്ചൂരിക്കൊപ്പമാണ് നില്‍ക്കുന്നത്. അവിടെ രാഹുല്‍ഗാന്ധി ഇടതുപക്ഷത്തെ ഒന്നും പറയാറില്ല. ഇത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും അളിയനും അളിയനും പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് അങ്ങനെയല്ലന്നും സുധാകരന് പറഞ്ഞു. കേരളത്തില്‍ ബിജെപിയ്ക്ക് ഒരു സാധ്യതയും ഇല്ല. വര്‍ഗീയതയെ ചെറുക്കാന്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ വികസനം ആയുധമാക്കുകയാണെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.