09 March, 2019 09:51:39 AM


സമൂഹത്തില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ ഇച്ഛാശക്തിയാല്‍ മുന്നിട്ടിറങ്ങണം



പാലക്കാട്: സമൂഹത്തില്‍ തനതായ ഇടം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ ഇച്ഛാശക്തിയാല്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ ഗസാലയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സമകാലിക കേരളത്തില്‍ ലിംഗസമത്വം ഉറപ്പാക്കാന്‍ സ്ത്രീകള്‍ ശക്തമായ പ്രതിരോധം സംഘടിപ്പിക്കേണ്ടതുണ്ട്. അതിജീവനത്തിന്‍റെ നാനാതുറയിലും വിജയിച്ച് മുന്നേറുന്ന സ്ത്രീ സമൂഹത്തെ ബോധപൂര്‍വ്വം അയിത്തത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്താനുള്ള നടപടികള്‍ ചെറുക്കപ്പെടേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

സമൂഹത്തിലെ അസമത്വങ്ങള്‍ സ്ത്രീകള്‍ തന്നെ ശക്തമായ തിരുത്തല്‍ വാദങ്ങളിലൂടെ ഇല്ലാതാക്കുന്ന സമൂഹത്തില്‍ മാത്രമേ വികസനം സാധ്യമാകുകയുള്ളുയെന്ന് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. മുരളി സെമിനാറില്‍ അഭിപ്രായപ്പെട്ടു. വിജയത്തിലെത്താന്‍ ഉള്ള മനോഭാവം, സ്വന്തം കഴിവുകളുടെ തിരിച്ചറിവ്, വിദ്യാഭ്യാസം എന്നിവയിലൂടെ സ്വയംപര്യാപ്തരാകാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞാല്‍ മാത്രമേ സ്ത്രീ ശാക്തീകരണം അര്‍ഥവത്താകൂവെന്ന് മേഴ്‌സി കോളേജ് റിട്ട. ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. പാര്‍വതി വാര്യര്‍ പറഞ്ഞു. 

'ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ നവകേരളം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ ധോണി ലീഡ് കോളേജ് വിദ്യാര്‍ത്ഥികളായ അഞ്ചു എസ്. മംഗളം, റീന റഹ്മാന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി വിജയികളായി. പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീര അധ്യക്ഷയായി. ജില്ലാതല ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ സി. ആര്‍. ലത, വനിതാ സംരക്ഷണ ഓഫീസര്‍ വി. എസ്. ലൈജു, അങ്കണവാടി വര്‍ക്കര്‍ വനജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികളും അങ്കണവാടി വര്‍ക്കര്‍മാരും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ 13 ബ്ലോക്കുകളിലും അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ ആചരിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K