02 March, 2019 11:57:28 PM
സിനിമാ ഓഡിഷന് വന്ന യുവതികളെ പീഡിപ്പിക്കാൻ ശ്രമം; പയ്യന്നൂരിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
കണ്ണൂര്‍: സിനിമാ ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ ഇരിട്ടി സ്വദേശിയായ പയ്യന്നൂരിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരന്‍ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ കെ വി രമേശൻ ആണ് അറസ്റ്റിലായത്. ആർട്ട് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിയ യുവതികളിൽ ഒരാളെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. പുതുതായി ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിഷന് വേണ്ടിയാണ് കോഴിക്കോട് നിന്ന് യുവതികൾ പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
ഹോട്ടലില്‍ കാത്തിരുന്ന യുവതികളുടെ മുറിയിലേക്കെത്തിയ രമേശന്‍ ഇവരിലൊരാളെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി. യുവതികളുടെ ബഹളം കേട്ടെത്തിയവർ പൊലീസിലറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് സിനിമകളുടെ ചിത്രീകരണവും നടപടികളും നിലവിൽ പയ്യന്നൂരിൽ വെച്ച് നടക്കുന്നുണ്ട്. മുൻപ് ഇത്തരത്തിൽ ആരെങ്കിലും ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.