25 February, 2019 12:44:42 PM
കന്നിയാത്രയില്‍ ഇലക്ട്രിക് ബസ് പാതി വഴിയില്‍ പണിമുടക്കി: പ്രതിഷേധവുമായി യാത്രക്കാര്‍
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ വച്ച് ചാര്‍ജില്ലാതെ നിന്നു പോയി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ അനുഭവപ്പെട്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ബസ് നിന്നുപോകാന്‍ കാരണമെന്ന് ബസിലെ കണ്ടക്ടര്‍ ഫാത്തിമ പറഞ്ഞു. മുമ്പ് പുറപ്പെട്ട് മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നെന്ന് ഫാത്തിമ പറയുന്നു.
യാത്രക്കാര്‍ക്ക് ആദ്യയാത്രയില്‍ ബുദ്ധിമുട്ട് ഉണ്ടായി. എന്നാല്‍ ഏറെ താമസിക്കാതെ തന്നെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിടാന്‍ സാധിച്ചെന്ന് ഫാത്തിമ പ്രതികരിച്ചു. ഇനി അടുത്ത ഡിപ്പോയില്‍ നിന്ന് ആളുകള്‍ എത്തി വേണം വണ്ടി ഗതാഗത സജ്ജമാക്കാന്‍. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസാണ് ആരംഭിച്ചത്.
നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്പ-നിലക്കല്‍ സര്‍വ്വീസ് തെളിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എറണാകുളം സര്‍വ്വീസ് പ്രഖ്യാപിച്ചത്.