20 February, 2019 11:36:01 PM


വിദ്യാർത്ഥിനിയുടെ തിരിച്ചറിയൽ കാർഡ് ഊരിയെടുത്ത വൈദികന്‍റെ നടപടി വിവാദമാകുന്നു (VIDEO)




തൊടുപുഴ: കോളേജ് വൈസ് പ്രിൻസിപ്പാൾ പെൺകുട്ടിയുടെ കഴുത്തിൽ നിന്ന് ഐ ഡി കാർഡ് വലിച്ചൂരിയെടുത്ത സംഭവം വിവാദമാകുന്നു. ഫെബ്രുവരി 14ന് തൊടുപുഴ ന്യൂമാൻ കോളേജിന്റെ ക്യാമ്പസിന് പുറത്ത് എസ്എഫ്ഐ സംഘടപ്പിച്ച വാലന്റൈൻസ് ദിനാഘോഷത്തിനിടെ ആയിരുന്നു സംഭവം.

പരിപാടിക്കിടെ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ കഴുത്തിൽ കിടന്ന തിരിച്ചറിയൽ കാർഡ് വൈസ് പ്രിൻസിപ്പാൾ ബലം പ്രയോഗിച്ച് ഊരിയെടുത്തുവെന്നാണ് ആരോപണം. വൈദികർക്കെതിരെ പരാതിപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്ത് വിദ്യാർത്ഥിനി പരാതിപെട്ടില്ലെന്നാണ്  മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ മൊബൈലിൽ പകർത്തിയ ദ്യശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.

വിദ്യാർത്ഥിനികൾക്കിടയിൽ കടന്നു ചെല്ലാൻ ക്യാമ്പസിന് പുറത്ത് (പ്രിൻസിപ്പാൾ സ്ഥലത്തുണ്ടായിട്ടും) വൈസ് പ്രിൻസിപ്പാളിന് എന്തവകാശമാണ് എന്ന ചോദ്യവുമായാണ് വിദ്യാർത്ഥികൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ വൈസ് പ്രിൻസിപ്പലിനെതിരെ ഒട്ടേറെ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഒപ്പം വൈദികനെതിരെ പരാതിയുമായി എസ്എഫ്ഐ യൂണിറ്റും കോളേജ് യൂണിയനും രംഗത്തെത്തിയെന്നും റിപ്പോർട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K