17 February, 2019 11:19:09 AM


പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ പഠനമുറി ഒരുക്കാന്‍ രണ്ട് ലക്ഷം വീതം - മന്ത്രി ബാലന്‍




കണ്ണൂര്‍:  വീടുകളില്‍ പഠന സൗകര്യമില്ലാത്ത പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പഠനമുറിയൊരുക്കാന്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍. പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
 
പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ ഇതര വിഭാഗങ്ങള്‍ക്കൊപ്പം സാമൂഹികമായി മുന്നോട്ട് നയിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന് വിദ്യാഭ്യാസ പുരോഗതി അനിവാര്യമാണ്. നിലവില്‍ ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ പഠനസൗകര്യമില്ല. ഇത് പരിഹരിക്കുന്നതിനായാണ് ഓരോ പട്ടികജാതി വിഭാഗങ്ങളിലെ വീടുകളിലും വിദ്യാര്‍ഥികള്‍ക്കായി പഠനമുറി ഒരുക്കുന്നത്. ആദ്യഘട്ടം 120 ചതുരശ്ര അടിയില്‍ 10,000 മുറികള്‍ നിര്‍മ്മിക്കും. അതോടൊപ്പം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കോളനി അടിസ്ഥാനത്തില്‍ സാമൂഹ്യ പഠനമുറി ഒരുക്കുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് നൈപുണ്യ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കിയതു വഴി സര്‍ക്കാര്‍ 250 ഉദ്യോഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ കണ്ടെത്തി നല്‍കാനായി. ആയിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി തൊഴില്‍ ദാതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
 
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ കല്‍പറ്റ സ്വദേശി വസന്തകുമാറിന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതേക്കുറിച്ച് തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 55 വര്‍ഷമായി താണയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഏറെ പേര്‍ക്ക് ആശ്രയമാണ്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തില്‍ 40 പേര്‍ക്ക് താമസിക്കാനാകും. മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മിക്കുക. 12 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
 
ചടങ്ങില്‍ പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെഎസ്സിസി റീജിയണല്‍ മാനേജര്‍ ജി ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, സി സീനത്ത്, ഇ ഗംഗാധരന്‍, കെ ജെ മൈക്കിള്‍, കെ കെ ഷാജു സംസാരിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K