08 February, 2019 04:15:20 PM
മൂന്നാറില്‍ പഞ്ചായത്തിന്‍റെ അനധികൃത കെട്ടിട നിര്‍മാണം റവന്യൂ വകുപ്പ് തടഞ്ഞു
മൂന്നാര്‍: സര്‍ക്കാര്‍ അനുമതിയില്ലാതെ പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്‍റെ തീരത്ത് നടത്തിയ കെട്ടിട നിര്‍മാണം റവന്യൂ വകുപ്പ് തടഞ്ഞു. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനുമതിയില്ലാത്ത കെട്ടിട നിര്‍മാണം കണ്ടെത്താനായത്. മുതിരപ്പുഴയാറിന്‍റെ തീരത്തുനിന്നും നിയമപ്രകാരമുള്ള അകലം പാലിക്കാതെയായിരുന്നു പഞ്ചായത്ത് വക കെട്ടിടം പണി.
നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് വില്ലേജ് ഓഫീസര്‍ അബുബക്കര്‍ നേരിട്ടെത്തി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. വനിതാവ്യവസായകേന്ദ്രം എന്ന നിലയിലായിരുന്നു കെട്ടിടനിര്‍മ്മാണം. അറുപത് മുറികളോടു കൂടിയ കെട്ടിടനിര്‍മ്മാണം അനുമതിയില്ലാതെയായിരുന്നു നടന്നത്. ഒരു കോടി നാല് ലക്ഷം രൂപയാണ് നിര്‍മ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്.