30 January, 2019 11:00:27 AM


പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍



പാലക്കാട്: പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍. പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ സിറ്റിംഗ് എം എല്‍ എമാരെ നിര്‍ത്തി ചില മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം മെനയുന്നതിനിടെ പാളയത്തില്‍ നിന്ന് എതിര്‍ ശബ്ദവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തിയത്. സിറ്റിംഗ് എംഎല്‍എമാരെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് ഷാഫി മുന്നോട്ട് വക്കുന്നത്.

ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠന്‍, ഷൊര്‍ണ്ണൂരില്‍ പി കെ ശശിക്കെതിരെ മത്സരിച്ച സി സംഗീത എന്നിവരുടെ പേരുകളും മണ്ഡലത്തിലുയരുന്നുണ്ട്. നയതന്ത്രജ്ഞന്‍ വേണുരാജമണിയുടെ പേരും സജീവമാണ്. മഹാരാജാസ് കോളേജില്‍ കെ എസ് യു നേതാവായിരുന്ന രാഷ്ട്രീയ പാരമ്പര്യം വേണുരാജാമണിക്കുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലും, മുന്‍രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ച വേണുരാജാമണിയെ പരിഗണിക്കുന്നതിലൂടെ തരൂര്‍ മോഡല്‍ പരീക്ഷണത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ മത്സരിപ്പിച്ച് ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് തോറ്റ യുഡിഎഫ് ചരിത്രത്തിലെ കനത്ത തോല്‍വിയാണ് പാലക്കാട് ഏറ്റുവാങ്ങിയത്. സീറ്റ് വീണ്ടും കൈയിലെത്തുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഏത് ആയുധം പ്രയോഗിക്കണമെന്ന ആലോചനയിലാണ് കോണ്‍ഗ്രസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K