07 January, 2019 01:07:07 AM
ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവര്‍ത്തിക്കണം - മന്ത്രി
തൊടുപുഴ: രോഗീ സൗഹൃദ ആരോഗ്യകേന്ദ്രമാക്കുക, നൂതന സംവിധാനം നടപ്പിലാക്കുക, മിതമായ നിരക്കിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം മിഷന്‍ പദ്ധതി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആദ്യഘട്ടത്തില്‍ 170 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനമാണ് സംസ്ഥാനതലത്തില്‍ നടന്നുവരുന്നത്. രണ്ടരക്കോടി രൂപ ചെലവില്‍ നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിവരുന്നുണ്ട്.
ആധുനിക രീതിയിലുള്ള എക്‌സാമിനേഷന്‍ മുറികള്‍, പരിസരത്ത് ഉദ്യാനം, രോഗികളുടെ കൂടെ വരുന്ന കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം, ടി.വി കാണാനുള്ള സൗകര്യം, കുട്ടികള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ്, മികച്ച ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയ നൂതന സംവിധാനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമ്പോള്‍ നടപ്പിലാക്കുന്നത്. ഇതിനോടനുബന്ധിച്ച് ആരോഗ്യകേന്ദ്രങ്ങളില്‍ 9 ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കുന്നത്. രണ്ടാംഘട്ടത്തില്‍ സി.എച്ച്.സി, താലൂക്ക്, ജനറല്‍ ആശുപത്രികള്‍, പാലിയേറ്റീവ്, ഡയാലിസിസ് യൂണിറ്റുകള്‍ അടക്കം നൂതന സംവിധാനങ്ങള്‍ കൊണ്ടുവരും. മൂന്നാംഘട്ടത്തില്‍ മെഡിക്കല്‍കോളേജ് വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയില്‍ അനുവദിച്ച 25 സി.എച്ച്.സികളില്‍ ഇനി പൂര്‍ത്തിയാകാനുള്ള 23 സി.എച്ച്.സികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, ബ്ലോക്ക് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, ഡി.പി.എം ഡോ. സുജിത് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.