09 February, 2016 12:45:40 PM
മതസൗഹാര്‍ദത്തിന്‍റെമാതൃകയായി മുതുവള്ളൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം
മലപ്പുറം: മത സൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് കൊണ്ടോട്ടിയിലെ മുതുവള്ളൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം. നാനൂറു വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. നശിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രം പുതുക്കിപ്പണിയാന്‍ ക്ഷേത്രക്കമ്മറ്റി തീരുമാനമെടുത്തപ്പോള്‍ ജാതി മത ഭേദമന്യേ നാട്ടുകാരെല്ലാവരും ചേര്‍ന്ന് കൊണ്ടോട്ടിയെ വീണ്ടും ശ്രദ്ധേയമാക്കിയിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ മേല്‍ക്കൂര സംരക്ഷിക്കുന്നതിന് ചെമ്പ് പൂശാനുള്ള ചിലവ് മുഴുവന്‍ ഏറ്റെടുത്തത് പ്രദേശത്തെ ഒരു മുസ്ലീമാണ്. സൗദി അറേബ്യയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നടത്തുന്ന സുലൈമാന്‍ ഹാജിയാണ് ഈ ചിലവ് ഏറ്റെടുത്തത്. അതോടൊപ്പം ക്ഷേത്ര നവീകരണത്തിന് തുടക്കം കുറിച്ച് നടന്ന പൂജകള്‍ക്ക് സൗജന്യമായി പന്തലൊരുക്കി നല്‍കിയതും മുസ്ലീം സുഹൃത്തുക്കളാണെന്ന് ക്ഷേത്ര കമ്മറ്റി അംഗങ്ങള്‍ പറയുന്നു.