28 December, 2016 11:59:08 AM


ഗുരുതര രോഗങ്ങളുടേതടക്കം 84 മരുന്നുകളുടെ വിലകുറച്ചു



കൊച്ചി: മാരകരോഗങ്ങളുടെ കിടത്തിച്ചികിത്സയിലടക്കം ഉപയോഗിക്കുന്ന 84 മരുന്നുകളുടെ വിലകുറച്ചുകൊണ്ട് ദേശീയ ഔഷധവില നിയന്ത്രണസമിതി ഉത്തരവിറക്കി. അടുത്തകാലത്തുവന്ന ആശ്വാസകരമായ വിലക്കുറവാണിത്. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ ആസ്​പത്രിച്ചെലവിനത്തില്‍ വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അര്‍ബുദം, എയ്ഡ്‌സ്, വന്ധ്യത ചികിത്സച്ചെലവുകൾ കുറയും.


*ശ്വാസകോശ അര്‍ബുദ ചികിത്സയ്ക്കുള്ള ഇറ്റോപൊസൈഡ് കുത്തിവെപ്പിന് 206.66 രൂപയായിരുന്നത് 33.26 ആകും.

*സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കേണ്ട ഡോബ്യുട്ടാമിന് 70.27 -ല്‍നിന്ന് 34.79 രൂപയാകുന്നു.

*ചിക്കന്‍പോക്‌സിനുള്ള അസിക്ലോവിര്‍ കുത്തിവെപ്പ് 250 എം.ജിക്ക് 494.19 എന്നത് 329.68 രൂപയും 500 എം.ജിക്ക് 466.6 എന്നത് 425.8 രൂപയെന്നുമാണ് മാറുക.

*ഗുരുതര രക്താര്‍ബുദമരുന്നായ സൈറ്റോസൈന്‍ അരബിനോസൈഡ് 500 എം.ജിയുടെ വില 553.78 -ല്‍നിന്ന് 455.72 രൂപയാകും. സമാനമായ കുറവ് 250 എം.ജിക്കുമുണ്ട്.

*ചികിത്സാരംഗത്തിന് വലിയ വെല്ലുവിളിയാണ് രോഗാണുക്കളുടെ ഔഷധ പ്രതിരോധശക്തി. ഇവയ്‌ക്കെതിരെയുള്ള വാന്‍കോമൈസിന് പാക്കറ്റിന് 552.60 രൂപയായിരുന്നു. ഇത് 423.48ലേക്ക് താഴും.

*തൊണ്ടവേദനയ്ക്കുള്ള അസിത്രോമൈസിന്‍ കുത്തിവെപ്പിന് 15 രൂപ കുറയും.

*ശ്വാസംമുട്ടിന് ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയിലധികംപേര്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചതായി കണ്ടെത്തിയ മൂലകമാണ് സാല്‍ബുട്ടാമോള്‍. ദ്രാവകരൂപത്തിലുള്ള ഈ മരുന്നിന്റെ വില ഒന്‍പതുമാസത്തിനിടെ വീണ്ടും കുറയുകയാണ്. നൂറുമില്ലിക്ക് 14.38 ആണ് പുതിയ വില

*ലാമിവുഡിന്‍, നെവിറാപ്പിന്‍, സിഡോവുഡൈന്‍ എന്നിവചേര്‍ന്ന് എയ്ഡ്‌സ് മരുന്നിന് ഒരെണ്ണത്തിന് നാലുരൂപ കുറഞ്ഞ് 14.47 ആയി.

*നെവിറാപ്പിന്‍(എയ്ഡ്‌സ്), കോറിയോണിക് ഗൊണാഡട്രോഫിന്‍, ഫ്‌ളൂറോയുറാസില്‍, ജെംസിറ്റാബിന്‍ 1.4 ഗ്രാം കുത്തിവെപ്പ്(രണ്ടും അര്‍ബുദം), നെഫിഡിപിന്‍ (കടുത്ത രക്തസമ്മര്‍ദ്ദം), സെഫിക്‌സിം 400 എം.ജി( അണുബാധ), ട്രമഡോള്‍ 50 എം.ജി(വേദനസംഹാരി) വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമിപ്രൈഡ് എന്നിവ ചേര്‍ന്ന പ്രമേഹസംയുക്തം എന്നിങ്ങനെ ഒട്ടേറെ മരുന്നുകള്‍ക്കും വിലകുറയുന്നുണ്ട്.

*നെഞ്ചിലെ കടുത്ത കഫക്കെട്ടിന് ആസ്​പത്രികളില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നതാണ് അമോക്‌സിലിനും ക്ലാവുലിനിക് ആസിഡും ചേര്‍ന്ന സംയുക്തം. ഇതിനുള്ളകുറവ് 92.34 -ല്‍നിന്ന് 83.53 എന്ന നിലയിലാണ്.

വില കുറയുന്നതില്‍ 56 എണ്ണവും രാസമൂലകങ്ങള്‍ക്കാണ്. ഇവയുടെ നൂറുകണക്കിന് വിവിധ ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. 28 കമ്പനി ബ്രാന്‍ഡിനങ്ങളും പുതിയ പട്ടികയിലുണ്ട്. 84-ല്‍ 38 എണ്ണവും പുതിയതായി വില നിയന്ത്രണത്തില്‍ വരുന്നവയാണ്. സ്റ്റെന്‍ഡും നിയന്ത്രണത്തിലാകും


ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്‍ഡുകള്‍ ആഴ്ചകള്‍ക്കകം വില ഏകീകരണത്തിലാകും. ജീവന്‍രക്ഷാമരുന്നുകളുടെ ഒന്നാംപട്ടികയില്‍ അടുത്തയിടെ കേന്ദ്രസര്‍ക്കാര്‍ ഇതിനെ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റെന്‍ഡുകള്‍ക്ക് തോന്നിയവില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം ജനുവരി ആദ്യവാരം ദേശീയ ഔഷധവില നിയന്ത്രണസമിതി വിളിച്ചിട്ടുമുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K