04 October, 2025 09:31:58 AM


തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്; പൂജാ ബമ്പർ പ്രകാശനവും ധനമന്ത്രി നിർവഹിക്കും



തിരുവനന്തപുരം: ആരാണാ ആ ഭാഗ്യവാൻ? 25 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഈ വർഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യവാനെ ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ തിരുവോണം ബമ്പർ നറുക്കെടുക്കും. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. ഇതുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്.

ഇത്തവണ റെക്കോർഡ് വിൽപ്പനയായിരുന്നു എന്ന് കച്ചവടക്കാർ പറയുന്നു. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം 75 ലക്ഷത്തിലേറെ ഓണം ബമ്പർ ലോട്ടറികളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയിൽ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു. 

ഒന്നാം സമ്മാനമായി 25 കോടി രൂപ കൂടാതെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കും. ഇന്നലെ ഉച്ചയോടെ തന്നെ പ്രധാനപ്പെട്ട വില്പന കേന്ദ്രങ്ങളിൽ ടിക്കറ്റ് കാലിയായിരുന്നു.

അതേസമയം, കഴിഞ്ഞ 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം 4 ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില്പനയും ഇതോടൊപ്പം ആരംഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K