19 September, 2023 01:36:28 PM
തിരിച്ചടവ് മുടങ്ങിയാല്‍ ചോക്ലേറ്റ് ബോക്‌സുമായി എസ്ബിഐക്കാര്‍ വീട്ടിലെത്തും
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ എസ്ബിഐ ഉപഭോക്താക്കളെ പ്രതിമാസ വായ്പാ തിരിച്ചടവ് കൃത്യമായി ഓർമ്മപ്പെടുത്താൻ ഒരു പുതിയ മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ്. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരുടെ വീടുകളിൽ ചോക്ലേറ്റുമായി എത്താനാണ് തീരുമാനം.
പലിശ നിരക്കിലെ വർദ്ധനവിനെ തുടർന്ന് ബാങ്കിൽ നിന്നുള്ള റിമൈൻഡർ കോളിന് മറുപടി നൽകാതെ നിരവധിപേർ വായ്പ തിരിച്ചടക്കാത്ത പശ്ചാത്തലത്തിലാണ് ഒരു പായ്ക്കറ്റ് ചോക്ലേറ്റുമായി അവരുടെ വീട്ടിലെത്തി ഇക്കാര്യം ഓർമ്മപ്പെടുത്താനുള്ള ബാങ്കിന്‍റെ നീക്കം. ഉപഭോക്താക്കളെ അറിയിക്കാതെ വീടുകളിൽ ചെന്ന് നേരിട്ട് കാണുക എന്നത് ഒരു നല്ല മാർഗമാണെന്ന് എസ്ബിഐ പറയുന്നു.
അതേസമയം എസ്ബിഐയുടെ റീട്ടെയില്‍ ലോണ്‍ ബുക്ക് 2023 ജൂണ്‍ പാദത്തില്‍ 16.46 ശതമാനം വര്‍ധിച്ച് 12,04,279 കോടി രൂപയായി. മുൻ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,34,111 കോടി രൂപയായിരുന്നു. അതായത് 16 ശതമാനത്തിന്‍റെ വളർച്ചയാണ് ഉണ്ടായത്. ഇതോടെ ബാങ്കിന്‍റെ മൊത്തം വായ്പകളുടെ മുഖ്യപങ്കും റീടെയ്ല്‍ വായ്പകളായി മാറിയിരിക്കുകയാണ്. കൂടാതെ 33,03,731 കോടി രൂപയാണ് ബാങ്കിന്‍റെ മൊത്തം വായ്പാ തുക. വായ്പകളില്‍ 13.9 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഉണ്ടാകുന്നുണ്ട്.
" നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള രണ്ട് ഫിൻടെക്ക് കമ്പനികള്‍ ഉപയോഗിച്ച് തിരിച്ചടവിൽ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളെ ഓര്‍മ്മപ്പെടുത്തുന്നതിനുള്ള ഒരു പുതിയ മാര്‍ഗം ഞങ്ങൾ തുടങ്ങുകയാണ്. ഒരു കമ്പനി കടം വാങ്ങുന്നവരുമായി അനുരഞ്ജനം നടത്തുമ്പോൾ, മറ്റേ കമ്പനി കടം വാങ്ങുന്നയാളുടെ തിരിച്ചടവ് വീഴ്ച സംബന്ധിച്ച മുന്നറിയിപ്പ് നൽകും. ഇതിൽ വീഴ്ച വരുത്തുന്ന ആളുകളെ ഒരു പായ്ക്കറ്റ് ചോക്ലേറ്റുമായി ഫിൻ ടെക് കമ്പനികൾ നേരിട്ട് സന്ദർശിക്കുകയും വരാനിരിക്കുന്ന ഇഎംഐ-കളെ കുറിച്ച് അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും," എന്ന് റിസ്ക് മാനേജിംഗ് ഡയറക്ടര്‍ അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.
എന്നാൽ ഈ ഫിൻടെക്ക് കമ്പനികളുടെ പേര് വിവരങ്ങൾ തിവാരി പുറത്ത് വിട്ടിട്ടില്ല. അതേസമയം 15 ദിവസം മുൻപാണ് ഈ പദ്ധതി നടപ്പിലാക്കിയത് എന്നും വിജയിച്ചാൽ മാത്രമേ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ തിരിച്ചടവ് നടത്തുന്നതിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി മറ്റ് ചില ഫിൻടെക്കുകളുമായും ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടി നിലവിൽ കുറഞ്ഞത് നാലോ അഞ്ചോ മാസത്തേക്കെങ്കിലും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം എസ്ബിഐയുടെ 12 ലക്ഷം കോടിയിലധികം വരുന്ന റീട്ടെയിൽ ബുക്കിൽ വ്യക്തിഗത, വാഹന, ഭവന, വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെ നിലനിൽക്കുന്നുണ്ട്. ജൂണിലെ കണക്കനുസരിച്ച് 6.3 ലക്ഷം കോടി രൂപയിലധികം വരുന്ന ഭവനവായ്പ ഉള്ള എസ്ബിഐ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾക്ക് വായ്പ നൽകിയതിൽ ഒന്നാം സ്ഥാനത്താണ്.