18 June, 2023 09:08:27 AM
കോടികൾ മൂല്യമുള്ള 500 രൂപ നോട്ടുകൾ കാണാനില്ലെന്ന വാർത്ത നിഷേധിച്ച് ആർബിഐ
ന്യൂഡൽഹി: കോടികൾ മൂല്യമുള്ള 500 രൂപ നോട്ടുകൾ കാണാനില്ലെന്ന വാർത്ത നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 88,032.5 കോടി രൂപ മൂല്യമുള്ള 500 രൂപ നോട്ടുകൾ ദുരൂഹമായി അപ്രത്യക്ഷമായെന്ന റിപ്പോർട്ടുകളാണ് ആർബിഐ തള്ളിക്കളഞ്ഞത്.
പ്രസുകളിൽ നിന്നുള്ള എല്ലാ നോട്ടുകളും കൃത്യമായി ആർബിഐയിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും കണക്കിൽ പെടുത്തിയിട്ടുണ്ടെന്നും ബാങ്കുകളുടെ ബാങ്ക് അറിയിച്ചു. ചില വിവരങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് വാർത്തകൾക്ക് അടിസ്ഥാനമെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. നോട്ട് പ്രിന്റിംഗ് പ്രസുകളിൽ അച്ചടിച്ച നോട്ടുകൾ കാണാതായെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഊന്നിപ്പറയുകയാണ്- കേന്ദ്ര ബാങ്ക് അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം അച്ചടിശാലകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് വാർത്തകളുടെ അടിസ്ഥാനം. അച്ചടി ശേലകളിൽനിന്ന് വിതരണം ചെയ്യുന്ന എല്ലാ നോട്ടുകളും കൃത്യമായി കണക്കിൽപ്പെടുത്തിയിട്ടുണ്ടെന്നും ആർബിഐ വ്യക്തമാക്കി.
അതിസുരക്ഷാ പ്രസിൽ അച്ചടിച്ച 88,032.5 കോടി മൂല്യമുള്ള 500 രൂപ നോട്ടുകൾ കാണാനില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. നാസിക്കിലെ അതിസുരക്ഷാ അച്ചടിശാലയിൽ പുതുതായി രൂപകൽപ്പന ചെയ്ത 375.450 ദശലക്ഷം 500 രൂപ നോട്ടുകൾ അച്ചിടിച്ചതായി വിവരാവകാശപ്രകാരം ലഭിച്ച രേഖയിൽ പറയുന്നു. എന്നാൽ 2015 ഏപ്രിലിനും 2016 ഡിസംബറിനുമിടയിൽ 345.000 ദശലക്ഷം അച്ചടിച്ച നോട്ടുകൾ മാത്രമാണ് കേന്ദ്രബാങ്കിന് ലഭിച്ചിട്ടുള്ളെന്നായിരുന്നു വാർത്തകൾ.