02 October, 2023 10:32:22 AM
മാറ്റങ്ങളുമായി വാട്സ്ആപ്പ്; അറിയാം പുതിയ അപ്ഡേറ്റുകൾ
ന്യൂഡല്‍ഹി: വാട്‌സ്ആപ്പിൽ പുതിയ മുന്ന് കിടിലൻ അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് മെറ്റ. സ്റ്റാറ്റസിൽ ഇഷ്ടാനുസരണം സമയം ക്രമീകരിക്കാൻ സാധിക്കുന്നതാണ് ഒന്നാമത്തെ അപ്‌ഡേറ്റ്. ഇതുവരെ 24 മണിക്കൂർ വരെ മാത്രമാണ് സ്റ്റാസുകൾക്ക് അനുവദിച്ച സമയദൈർഘ്യം. എന്നാൽ ഇനി മുതൽ ഇത് പരമാവധി 2 ആഴ്ച വരെ നീട്ടാൻ സാധിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. അടുത്തിടെ ടെലഗ്രാമും സമയ പരിധി തിരഞ്ഞെടുക്കാവുന്ന ഫീച്ചർ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങൾ, വീഡിയോകൾ, ജിഫ്കൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിക്കുന്ന ഫീച്ചറാണ് രണ്ടാമത്തെ അപ്‌ഡേറ്റ്. നിലവിൽ ഈ സംവിധാനം ആൻഡ്രോയിഡ് പതിപ്പുകളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
2.23.20.20 ആൻഡ്രോയിഡ് പതിപ്പിൽ ഈ സേവനം ലഭ്യമാകും. വീഡിയോയോ ചിത്രങ്ങളോ സ്‌ക്രീനിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ വേഗത്തിൽ പ്രതികരണം അറിയിക്കാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. സന്ദേശമയയക്കലിലെ തടസങ്ങൾ ഒഴിവാക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത അപ്‌ഡേറ്റ് വാട്‌സ്ആപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളുടെ ചെക്ക് മാർക്ക് ( വെരിഫൈഡ് മാർക്ക്) പച്ചയിൽ നിന്ന് നീലയിലേക്ക് മാറ്റുമെന്നതാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെ പോലെയാക്കി മെറ്റയുടെ പ്ലാറ്റഫോമുകളിൽ ഏകീകൃത സ്വഭാവം വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.