03 February, 2023 05:43:37 PM
അദാനി കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു; നഷ്ടമായത് 120 ബില്യണ്‍ ഡോളര്‍
മുംബൈ: അദാനി ഗ്രൂപ്പ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു. ഓഹരി മൂല്യം ഇടിഞ്ഞതോടെ ആകെ 120 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഇന്ന് വിപണി ആരംഭിച്ചതിന് ശേഷം അദാനി ഓഹരികളുടെ വിലയില്‍ 30 ശതമാനം ഇടിവ് വരെ രേഖപ്പെടുത്തിയെങ്കിലും പിന്നീട് മൂല്യം ചെറുതായി ഉയര്‍ന്ന് നഷ്ടം 11 ശതമാനമായി കുറഞ്ഞു.
ഇന്ന് വ്യാപാരം തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ അദാനി ഓഹരികള്‍ വലിയ തിരിച്ചടി നേരിട്ടെങ്കിലും വ്യാപാരം അവസാനിക്കാറായപ്പോള്‍ പല ഓഹരികളും നഷ്ടം കുറയ്ക്കുകയോ സ്ഥിരത നിലനിര്‍ത്തുകയോ ചെയ്തു. ഇന്‍ട്രാഡേയില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 25 ശതമാനവും അദാനി പോര്‍ട്ട് ഓഹരികള്‍ 15 ശതമാനവും ഇടിഞ്ഞെങ്കിലും ഇവ യഥാക്രമം രണ്ട് ശതമാനം നഷ്ടത്തിലും 5.5 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ ഓഫ്‌ഷോര്‍ എന്റിറ്റികളെ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. എന്നാല്‍ റിപ്പോര്‍ട്ട് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നായിരുന്നു റിപ്പോര്‍ട്ടിന് അദാനി ഗ്രൂപ്പിന്റെ മറുപടി.