02 October, 2023 09:57:37 AM


സിയാലിന്‍റെ ഏഴ് വൻപദ്ധതികള്‍ക്ക് ഇന്ന് തുടക്കമാകും



കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഏഴ് വൻ പദ്ധതികള്‍ക്ക് ഇന്ന് തുടക്കമാകും. ഇറക്കുമതി കാര്‍ഗോ ടെര്‍മിനല്‍, ഡിജി യാത്ര, എയര്‍പോര്‍ട്ട് എമര്‍ജൻസി സര്‍വിസ് എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്‌ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് 4.30ന് നിര്‍വഹിക്കും. 

നിലവിലെ രാജ്യാന്തര ടെര്‍മിനലിന്‍റെ വടക്കുഭാഗത്തുകൂടി 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഏപ്രണ്‍ നിര്‍മിക്കും. എട്ട് പുതിയ എയറോ ബ്രിഡ്ജുകള്‍ വരും. വിമാന പാര്‍ക്കിങ് ബേയുടെ എണ്ണം 44 ആയും ഉയരും. ഇറക്കുമതി കാര്‍ഗോ ടെര്‍മിനല്‍ വരുന്നതോടെ സിയാലിന്‍റെ പ്രതിവര്‍ഷ കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണായി ഉയരും. നിലവിലെ കാര്‍ഗോ സ്ഥലം പൂര്‍ണമായും കയറ്റുമതി ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. 

വിമാനത്താവള അഗ്നിരക്ഷാസേനയെ എയര്‍പോര്‍ട്ട് എമര്‍ജൻസി സര്‍വിസ് എന്ന നിലയിലേക്ക് ആധുനീകരിക്കും. ഓസ്ട്രിയൻ നിര്‍മിത രണ്ട് ഫയര്‍ എൻജിനും എത്തിച്ചേരും. ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കുകയെന്ന ലക്ഷ്യവുമാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് സിയാല്‍ എം.ഡി എസ്. സുഹാസ് പറഞ്ഞു. 

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരും സംബന്ധിക്കും. സിയാലിന് ഇനി അത്യാധുനിക ഇലക്‌ട്രോണിക് സുരക്ഷാവലയമുണ്ടാകും. ഇതിന്റെ ഭാഗമായി പെരിമീറ്റര്‍ ഇൻട്രൂഷൻ ഡിറ്റക്ഷൻ സംവിധാനമാണ് ഒരുക്കുന്നത്. വിമാനത്താവളത്തിന്‍റെ 12 കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലില്‍ മാരകമാകാത്തവിധമുള്ള വൈദ്യുതി വേലിയും ഫൈബര്‍ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെര്‍മല്‍ കാമറകളും സ്ഥാപിക്കും. ഇതിനെ സിയാലിന്റെ സെക്യൂരിറ്റി ഓപറേഷൻസ് കണ്‍ട്രോള്‍ കേന്ദ്രവുമായി ബന്ധിപ്പിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K