31 October, 2016 09:21:09 AM
ചൂഷണം തടയാന്‍ റിയല്‍ എസ്റ്റേറ്റ് അതോറിറ്റി ഇന്നു മുതല്‍
ഈ മേഖലയുള്ള മുഴുവന്‍ പരാതികളും സ്വീകരിക്കാനുള്ള അവസാനത്തെ ആശ്രയമായി ഒരു അപ്പലേറ്റ് അതോറിറ്റിയും ഉണ്ടാകും. കേന്ദ്രത്തിന്‍െറ ചട്ടങ്ങള്‍ മാതൃകയായെടുക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യത്തിനനുസൃതമായി മാറ്റങ്ങള്‍ വരുത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, ചണ്ഡിഗഢ്, അന്തമാന്‍-നികോബാര്‍, ദാമന്‍-ദിയു, നാഗര്‍ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലാണ് ആദ്യം ചട്ടങ്ങള്‍ നടപ്പില്‍ വരുത്തുക. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു മാസത്തിനകം ചട്ടം നിലവില്‍വരും. അതിന് പിറകെ കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ചട്ടം നടപ്പാക്കുമെന്നും അതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണെന്നും കേന്ദ്രം തുടര്‍ന്നു.
നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ ഭൂമി, അപ്പാര്‍ട്മെന്‍റ്, കെട്ടിടം എന്നിവയുടെ ക്രയവിക്രയങ്ങളെല്ലാം കൂടുതല്‍ സുതാര്യമായി മാറുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബില്‍പ്രകാരം ഭരണപരമായ എല്ലാ തരത്തിലുമുള്ള അനുമതിയും വാങ്ങിയശേഷമേ ഭവനസമുച്ചയങ്ങളുടെ പരസ്യം നല്‍കാന്‍ പാടുള്ളൂ. നിര്‍മാണപ്രവൃത്തി തുടങ്ങുംമുമ്പ് എല്ലാ ഓഫിസുകളില്‍നിന്നും ലഭിച്ച അനുമതിയുടെ സാക്ഷ്യപത്രങ്ങള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണം. അതോറിറ്റി അവ സ്വന്തം വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. 10 വര്‍ഷത്തിലധികം പാര്‍പ്പിട പദ്ധതികള്‍ വൈകുകയും ഫ്ളാറ്റുകള്‍ക്കും വീടുകള്‍ക്കും നല്‍കിയ തുക പലപ്പോഴും നഷ്ടപ്പെടുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ ഈ നിയമം ബില്ലായി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. എന്നാല്‍, അതില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് മോദി സര്‍ക്കാര്‍ ബില്‍ നിയമമാക്കിയത്.