27 September, 2023 02:42:07 PM
പാർട്ടി അരവിന്ദാക്ഷനൊപ്പം - സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്
തൃശൂർ: പാർട്ടി അരവിന്ദാക്ഷനൊപ്പമാണെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്. കരുവന്നൂർ തട്ടിപ്പ് കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം എം വർഗീസ്.
സഹകരണ മേഖലയെ തകർക്കാനാണ് ഇ ഡിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സി പി എം നേതാക്കളെ വേട്ടയാടുകയാണ് ഇ ഡിയുടെ ലക്ഷ്യം. എ സി മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കവും നടക്കുന്നൂവെന്നും എം എം വർഗീസ് പറഞ്ഞു .
അരവിന്ദാക്ഷന്‍റെ പേരിലുള്ള സ്ഥിര നിക്ഷേപത്തെക്കുറിച്ചോ സാമ്പത്തിക നിലയേക്കുറിച്ചോ അറിയില്ലെന്നും എം എം വർഗീസ് വ്യക്തമാക്കി. എന്തെങ്കിലും തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാൽ അരവിന്ദാക്ഷനല്ല, ആരായാലും പാർട്ടി നടപടിയെടുക്കും.
ഇ ഡി നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി നടത്തും. ഇ ഡി അന്വേഷിക്കുന്നതു പോലെ അന്വേഷിക്കാൻ പാർട്ടിക്കാവില്ല. പാർട്ടി പാർട്ടിക്കത്താണ് പരിശോധിക്കുക. തനിക്കുള്ളത് നാമമാത്രമായ നിക്ഷേപം മാത്രമാണ്. അറസ്റ്റിലായ സതീഷ് കുമാറിനെ തനിക്ക് അറിയില്ലെന്നും എം എം വർഗീസ് പറഞ്ഞു.