21 October, 2023 09:48:05 PM
സ്വകാര്യ പ്രാക്ടീസ്: കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർ വിജിലൻസ് പിടിയിൽ
തൃശൂർ : സ്വകാര്യ പ്രാക്ടീസ് നടത്തി വന്നിരുന്ന ഡോക്ടറുടെ വീട്ടിൽ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 4,160 രൂപ പിടികൂടി. കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സജി സെബാസ്റ്റ്യന്റെ തൃശൂർ കണ്ണംകുളങ്ങരയിലെ വീട്ടില്‍ ആണ് വിജിലൻസ് പരിശോധന നടത്തിയത്
മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനിൽക്കെ നോൺ പ്രാക്ടിസിങ് അലവൻസ് കെെപറ്റിയാണ് ഡോ. സജി സെബാസ്റ്റ്യൻ വീട്ടിൽ വെച്ച് രോഗികളെ പരിശോധിച്ചിരുന്നത്. ഇത്തരത്തില്‍ രോഗികളില്‍ നിന്നും ഫീസിനത്തിൽ വൻ തുക വാങ്ങുന്നുണ്ടെന്ന പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
ഡോ സജി സെബാസ്റ്റ്യൻ ശനിയാഴ്ച ദിവസങ്ങളിലാണ് തൃശൂർ കണ്ണംകുളങ്ങരയിലെ തന്റെ വീട്ടിൽ വെച്ച് രോഗികളെ പരിശോധിച്ച് വന്നിരുന്നത്. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഡോക്ടറുടെ പരിശോധന മുറിയിൽ നിന്നും കവറിലും, മേശയുടെ ഉള്ളിൽ നിന്നുമായി ആണ് 4,160 രൂപ കണ്ടെടുത്തത്. വിജിലൻസ് ഡിവൈഎസ്പി ജിം പോൾ സി ജി യുടെ നിർദ്ദേശ പ്രകാരം സി ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആണ് പരിശോധന നടത്തിയത്.