06 November, 2023 02:05:07 PM
തൃശൂരിൽ മുണ്ടോളിപാടം - പുത്തൂർ കാലടി റോഡ് വൃത്തിയാക്കൽ നടപടികളുമായി കാൽനടയാത്രക്കാർ
ഔഷധിയുടെ സഹകരണത്തോടെ വൃക്ഷ തൈകളും നട്ടുപിടിപ്പിച്ചു
തൃശൂര്‍: മുണ്ടോളിപാടം - പുത്തൂർ കാലടി റോഡ് വൃത്തിയാക്കൽ നടപടികളുമായി കാൽനടയാത്രക്കാർ. റോഡിൽ വന്‍തോതില്‍ വളർന്നുനിൽക്കുന്ന പുല്ലും കുറ്റിക്കാടും മൂലം കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ കാൽനടയാത്ര ദുഷ്കരമായതോടെയാണ് വാക്കേഴ്‌സ് ഗ്രൂപ്പ് ശ്രമദാനവുമായി രംഗത്തെത്തിയത്. ഇടതൂർന്ന പുല്ലിനുള്ളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമായി. പാമ്പ് ശല്യവും വര്‍ധിച്ചു.
ഔഷധിയുടെ സഹകരണത്തോടെ വൃക്ഷ തൈകളും നട്ടുപിടിപ്പിച്ചു. പുല്ലുവെട്ടൽ, വൃക്ഷത്തൈ നടീൽ യജ്ഞത്തിന്‍റെ ഉദ്ഘാടനം മുണ്ടോളിപാടത്ത് നടന്നു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്‍റ് രവി കെ ആർ മുഖ്യാതിഥിയായിരുന്നു. നടത്തറ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യാ രാജേഷ്, തൃശൂർ കോർപ്പറേഷൻ കൗൺസിലർ ശ്യാമള വേണുഗോപാല്‍, നടത്തറ പഞ്ചായത്ത് വാർഡ് മെമ്പർ ജിയ, പുത്തൂർ പഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു സേതുമാധവൻ, പ്രസന്നകുമാർ ടി എസ്, അശോകൻ എം ആർ, കൃഷ്ണകുമാർ, നന്ദകുമാർ തെക്കിനിയേടത്ത് എന്നിവർ സംസാരിച്ചു.