29 October, 2023 03:43:44 PM


കളമശ്ശേരി സ്ഫോടനം: ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ട് ഒരാൾ കീഴടങ്ങി



തൃശൂര്‍: കളമശേരി സ്ഫോടനത്തിൽ അന്വേഷണം നടക്കുന്നതിനിടെ ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ട് ഒരാൾ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊച്ചി സ്വദേശിയാണ് പൊലീസ് സ്റ്റേഷനിലെത്തി ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ടത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് സ്ഫോടനവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കി. സ്ഫോടനം നടന്ന കൺവെൻഷൻ സെന്‍ററിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങളിലുള്ള വാഹനങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെൻഷൻ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൂന്നു ദിവസമായി പ്രാർഥന നടന്നുവരികയായിരുന്നു. ഇന്നത്തെ പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ പൊട്ടിത്തെറി ഉണ്ടായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K