28 October, 2023 11:02:35 AM
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു; അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രൈവറ്റ് ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവില്വാമലയിലാണ് ബസ് ചാര്‍ജിനുള്ള പൈസ കുറവെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ വഴിയില്‍ ഇറക്കിവിട്ടത്. സംഭവം വിവാദമായതിന് പിന്നാലെയാണ് അന്വേഷണത്തിന് മന്ത്രിയുടെ ഇടപെടല്‍. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇറക്കിവിട്ട കണ്ടക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പഴയന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പഴയന്നൂര്‍ പൊലീസ് രാവിലെ ഇരു കൂട്ടരോടും സ്റ്റേഷനില്‍ ഹാജരാകാൻ നിര്‍ദേശം നല്‍കി. ഇതിനിടെ പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ഇന്നലെയാണ് സംഭവം ഉണ്ടായത്. പഴമ്ബാലക്കോട് എസ്.എം.എം ഹയര്‍സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ബസില്‍ നിന്ന് ഇറക്കിവിട്ടത്. തിരുവില്വാമല കാട്ടുകുളം വരെയായിരുന്നു വീടെത്താൻ വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. രണ്ട് രൂപയാണ് ഇവിടെ വരെ വിദ്യാര്‍ഥികള്‍ക്ക് ഉള്ള ചാര്‍ജ്ജ്. സ്ഥിരമായി രണ്ട് രൂപ കൊടുത്താണ് പെണ്‍കുട്ടി ഇതുവരെ യാത്ര ചെയ്യാറുള്ളത്. പതിവ് പോലെ രണ്ട് രൂപയുമായി ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ അഞ്ച് രൂപ വേണമെന്ന് ആവശ്യപ്പെടുത്തായിരുന്നു. എന്നാല്‍ രണ്ട് രൂപ മാത്രമാണ് കയ്യില്‍ ഉള്ളതെന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് രണ്ട് രൂപ വാങ്ങി പട്ടിപ്പറമ്ബ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു.
വഴിയില്‍ ഇറക്കി വിട്ടതോടെ ഭയന്ന് പോയ പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. ഇതിന് പിന്നാലെയാണ് പിതാവ് പഴയന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.