24 November, 2023 04:57:26 PM
തൃശൂരിൽ ഹോട്ടലിനും വീടിനും നേരെ പെട്രോൾ ബോംബെറിഞ്ഞു; 5 പേർ പിടിയിൽ
തൃശൂര്‍: തൃശൂര്‍ പൂമലയില്‍ ഹോട്ടലിനും വീടിനും നേരെ പെട്രോള്‍ ബോംബെറിഞ്ഞ 5 പേർ പിടിയില്‍. അറസ്റ്റിലായവര്‍ നിരവധി ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് പൂമല പള്ളിയ്ക്ക് സമീപത്തെ അരുണിന്‍റെ ഹോട്ടലിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ എട്ടംഗ സംഘമായിരുന്നു പിന്നില്‍. വിവരമറിഞ്ഞ് വിയ്യൂര്‍ പൊലീസെത്തി പരിശോധനകള്‍ നടക്കുന്നതിനിടെ രാവിലെ ആറുമണിയോടെ അരുണിന്‍റെ വീട്ടിലും പെട്രോള്‍ ബോംബെറിഞ്ഞു, സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സനല്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു അക്രമം. കഴിഞ്ഞ ദിവസം രാത്രി സനല്‍ അരുണിന്‍റെ കടയിലെത്തി ചായ ചോദിച്ചിരുന്നു. കടയടച്ചതിനാല്‍ ഇല്ലെന്ന് അരുണ്‍ മറുപടി നല്‍കി. തുടര്‍ന്നു തര്‍ക്കമുണ്ടായി. സനലിന്‍റെ നേതൃത്വത്തിലുള്ള ലഹരി സംഘത്തെപ്പറ്റി പൊലീസിന് അരുണ്‍ വിവരം നല്‍കിയെന്ന സംശയം സനലിനും കൂട്ടര്‍ക്കുമുണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളുടെ പ്രതികാരമാണ് പെട്രോള്‍ ബോംബെറിഞ്ഞതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിയ്യൂര്‍, വടക്കാഞ്ചേരി പൊലീസ് സംയുക്തമായി നടത്തിയ തെരച്ചിലില്‍ സനല്‍ കൂട്ടാളികളായ ജസ്റ്റിന്‍, ജിജോ, അഖിലേഷ്, അഖില്‍ ഉള്‍പ്പടെ 5 പേരാണ് പിടിയിലായത്.