07 November, 2023 04:55:45 PM


റൂട്ട് കനാൽ ചെയ്തു, മൂന്നര വയസ്സുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ



തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ - ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രം​ഗത്തെത്തി. 

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. 

ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടക്കുമെന്നാണ് വിവരം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K