21 October, 2023 04:06:30 PM
പാലിയേക്കര ടോള്‍ പ്ലാസ പ്രതിഷേധം: കോണ്‍ഗ്രസ് എം.പിമാർ ഉള്‍പ്പെടെ 145 പേര്‍ക്കെതിരെ കേസ്
തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ പ്രതിഷേധത്തിൽ കോണ്‍ഗ്രസ് എം.പിമാര്‍ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. എംപിമാരായ ടി.എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, മുന്‍ എംഎല്‍എ അനില്‍ അക്കര എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 145 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ടോൾ ഗേറ്റിന് ഉൾപ്പടെ 7 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന ടോൾ പ്ലാസ മാനേജരുടെ പരാതിയെ തുടർന്നാണ് പുതുക്കാട് പൊലീസ് കേസെടുത്തത്. പാലിയേക്കരയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകാതെ ജനങ്ങളില്‍നിന്ന് ടോള്‍ പിരിച്ചെന്ന് ഇഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തിയത്.
തൃശ്ശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന സമരം അക്രമത്തിലാണ് കലാശിച്ചത്. പൊലീസുമായുള്ള ഉന്തും തള്ളലില്‍ ടി.എന്‍. പ്രതാപന്‍ എംപി, മുന്‍ എംഎല്‍എ അനില്‍ അക്കര എന്നിവര്‍ക്ക് പരിക്കേറ്റെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
പ്രതിഷേധത്തിനിടെ 2 മണിക്കൂറോളം മുഴുവന്‍ ടോള്‍ ഗേറ്റുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്നിട്ടിരുന്നു. നേതാക്കളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജയും റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്റെയും നേരിട്ടെത്തി ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.