19 September, 2023 10:14:28 AM
നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം; എ.സി. മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന ക്ലാസിൽ ഇന്നും നാളെയും പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്, കുന്നംകുളം എംഎൽഎ കൂടിയായ മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചത്.
ഇ-മെയിൽ മുഖേനയാണ് മൊയ്തീൻ ഇക്കാര്യം ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ, എ സി മൊയ്തീൻ ഇന്നു പുലർച്ചെ തിരുവനന്തപുരത്തെത്തി.
ചോദ്യം ചെയ്യലിന് ഇന്ന് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് എ സി മൊയ്തീൻ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ, അടുത്തദിവസം പുതിയ തീയതി നിശ്ചയിച്ച് ഇ ഡി വീണ്ടും നോട്ടിസ് നൽകും. സാക്ഷികൾക്കുള്ള നോട്ടിസാണ് ഇതുവരെ മൊയ്തീന് നൽകിയത്. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ മാത്രം ശക്തമായ നിലപാട് സ്വീകരിക്കാനാണ് നീക്കം.
10 വർഷത്തെ ബാങ്ക് ഇടപാട് രേഖകളും ആദായനികുതി രേഖകളും ഹാജരാക്കാൻ നേരത്തേ ഇ ഡി ആവശ്യപ്പെട്ടിരുന്നു. രേഖകൾ അപൂർണമായതിനാൽ പൂർണവിവരങ്ങളുമായി ചൊവ്വാഴ്ച എത്താനാണ് നിർദേശിച്ചിരിക്കുന്നത്. സെപറ്റംബർ 10ന് മൊയ്തീനെ ഇ ഡി 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
മൊയ്തീനെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായുള്ള തെളിവ് ശേഖരണം കൂടിയാണ് തിങ്കളാഴ്ചയിലെ ഇ ഡിയുടെ പരിശോധനയെന്നാണ് വിവരം. ബാങ്കുകളിലെ പരിശോധനക്കുശേഷം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന.