01 September, 2023 10:29:19 AM


തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികള്‍ ഇറങ്ങും; ഒരുക്കങ്ങള്‍ ആരംഭിച്ചു



തൃശ്ശൂര്‍: ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശ്ശൂരിൽ നടക്കുന്ന നാലോണനാളിലെ പുലികളി ഇന്ന്. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ നഗരത്തിലിറങ്ങും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു കഴിഞ്ഞു. 

ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. പുലിക്കളി ആസ്വദിക്കാനായി ജനങ്ങൾക്ക് വേണ്ട സൗകര്യങ്ങളും പൊലീസ് ഏർപ്പെടുത്തി. ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂർ ദേശത്തിന്‍റെ പുലികളാണ്. തുടർന്ന് സീതാറാം മിൽ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടർന്ന് കാനാട്ടുകരയും അയ്യന്തോളും എം ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. 

ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടിൽ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും.

സംസ്ഥാന ടൂറിസം വകുപ്പും ഡി ടി പി സിയും തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്നതാണ് പുലിക്കളി മഹോത്സവം. ഇത്തവണയും ദേശങ്ങളിൽ പെൺപുലികളുണ്ട് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K