03 August, 2023 11:48:10 AM


മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരില്‍ ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ



തൃശൂർ: മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത രണ്ട് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നല്‍കാനാവശ്യപ്പെട്ടായിരുന്നു അക്രമം. ഇന്നലെ ഉച്ചക്കാണ് പ്രതികള്‍ പിടിയിലായത്.

കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായവര്‍ അടക്കം നാല് പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നല്‍കാനാവശ്യപ്പെട്ടു. ഇതേ ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമായി. ഉന്തും തള്ളിനുമൊടുവില്‍ മടങ്ങി പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിന് മുന്നിലെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ബാർ മാനേജരെ മർദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കൗണ്ടറിലെ ചില്ലുകള്‍ തകര്‍ക്കുന്നതിനിടെ രണ്ട് ബാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ് മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാറുടമ പോലീസില്‍ പരാതിനല്‍കി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് ചാട്ടുകുളത്തിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചക്കാണ് പിടികൂടിയത്.

എസ്.ഐ കെ.ജി. ജയപ്രദീപിന്‍റെ നേതൃത്വത്തിൽ എസ്.ഐ. കെ.എം. ആനന്ദന്‍, സി.പി.ഒമാരായ സന്ദീപ് കുമാര്‍, ബിനുമോന്‍, ശരത് ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K