29 July, 2023 02:56:04 PM
കെഎസ്ഇബി ക്വാർട്ടേഴ്സിനുളളില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
ചാലക്കുടി: അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് കാടർ കോളനിയിലെ ഗീതയെന്ന യുവതിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. വെള്ളിക്കുളങ്ങര ആനപ്പാന്തം ശാസ്താംപൂവം കോളനി ഭാസ്കരന്‍റെ മകൻ സുരേഷ് (39 ) ആണ് പിടിയിലായത്.
ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം വനത്തിനുള്ളിൽ നാൽപ്പത്തെട്ട് മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ 27ന് പുലർച്ചെയാണ് ഗീതയെ പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ അടിയും വെട്ടുമേറ്റാണ് യുവതി മരണപ്പെട്ടതെന്ന് വ്യക്തമായി. കൊല്ലപ്പെട്ടത് ഗോത്രവിഭാഗത്തിൽപ്പെട്ട യുവതിയായതിനാൽ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
സംഭവത്തിനു ശേഷം യുവതിയുടെ ഭർത്താവ് അപ്രത്യക്ഷനായതായി കണ്ടെത്തിയതോടെയാണ് ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം വ്യാപകമാക്കിയത്.
വനത്തിനുള്ളിൽ പൊലീസിന്‍റെ സാന്നിധ്യം മനസിലാക്കിയ സുരേഷ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റു നടപടിക്രമങ്ങൾക്കും ശേഷം കോടതിയിൽ ഹാജരാക്കും.
തുടർന്ന് ഇയാളെ കണ്ടെത്തി ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസ് ചാലക്കുടി ഡിവൈഎസ് ടി.എസ് സിനോജ്, അതിരപ്പിള്ളി സി.ഐ ലൈജുമോൻ സി.വി, വെള്ളിക്കുളങ്ങര സി.ഐ സുജാതൻ പിള്ള , ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, റെജി എ.യു, ഷിജോ തോമസ്, മലക്കപ്പാറ എസ്ഐ ജയ്സൺ, അതിരപ്പിള്ളി എസ്.ഐ നാരായണൻ, എഎസ്ഐ സുരേന്ദ്രൻ, സീനിയർ സിപിഒമാരായ ഷാജു ചാതേലി, സിപിഒമാരായ സജി, രഞ്ജിത്, ഫിജോ, മാർട്ടിൻ, പോൾസൺ ജിജോ, പ്രവീൺ, രങ്കേഷ് ഡിവൈഎസ്പിയുടെ സ്ട്രൈക്കിങ് ഫോഴ്സിലെ പോലീസുകാരായ ആർ. വിജേഷ്, സി.എസ് സജിത്, എം. മണികണ്ഠൻ, വൈശാഖ് കൃഷ്ണ, ബി.വിനീത്, ജി. ഗോകുൽ, പി.എ അക്ഷയ് എന്നിവരെ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.