28 July, 2023 10:33:23 AM
കൃഷ്ണകുമാർ നിധിപോലെ സൂക്ഷിക്കുന്നു, അബ്ദുൾ കലാമിന്റെ കരസ്പർശമേറ്റ ആ ഇടയ്ക്ക
തൃശൂര്‍: പ്രശസ്ത ഇടയ്ക്ക വാദകന്‍ ഡോ. തൃശൂര്‍ കൃഷ്ണകുമാര്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഒരു ഇടയ്ക്കയുണ്ട്, മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ കരസ്പര്‍ശമേറ്റ ഇടയ്ക്ക. രാഷ്ട്രപതിയായിരിക്കുന്ന സമയത്ത് തൃശൂരില്‍ സന്ദര്‍ശനം നടത്തിയ അബ്ദുല്‍ കലാം പങ്കെടുത്ത ഒരു പരിപാടിയില്‍ വച്ചാണ് ഇടയ്ക്ക വായിച്ച കൃഷ്ണകുമാറിനെ കലാം അടുത്തേക്കു വിളിച്ച് ഇടയ്ക്കയെക്കുറിച്ച് ചോദിച്ചറിഞ്ഞതും ഇടയ്ക്കയില്‍ ചെറുതായി താളം പിടിച്ചതും.
രാഷ്ട്രപതി ഇടയ്ക്ക കൊട്ടിയത് അന്ന് ഏറെ കൗതുകം പിടിച്ചുപറ്റിയ സംഭവമായിരുന്നു. ഇടയ്ക്ക തൊട്ടുനോക്കുന്ന അബ്ദുല്‍ കലാമിനൊപ്പം നില്ക്കുന്ന ചിത്രവും കൃഷ്ണകുമാറിനു നിധി തന്നെ. 2009ല്‍ ആണ് അബ്ദുല്‍ കലാം അദ്ദേഹത്തിന്റെ ഗുരുനാഥനായ രംഗനാഥാനന്ദ സ്വാമിയുടെ ജന്മഗൃഹം കാണുവാന്‍ വന്നപ്പോഴാണ് കൃഷ്ണകുമാറിന് അപൂര്‍വ ഭാഗ്യം സിദ്ധിച്ചത്.
രംഗനാഥാനന്ദ സ്വാമിയുടെ നൂറാം പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് അബ്ദുല്‍ കലാം തന്റെ ഗുരുനാഥന്റെ ജന്മഗൃഹം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതും തൃക്കൂരിലേക്ക് എത്തിയതും. നൂറാം ജന്മദിന വാര്‍ഷിക ആഘോഷ ഉദ്ഘാടനം നടത്തിയ തൃക്കൂര് സര്‍വോദയ സ്കൂളില്‍ അബ്ദുല്‍ കലാമിന് സ്വീകരണം നല്‍കിയിരുന്നു.
ആ ചടങ്ങില്‍ പ്രാര്‍ത്ഥന ചൊല്ലിയത് പിന്നണിഗായകരായ അനൂപ് ശങ്കറും ജ്യോത്സനയുമായിരുന്നു. പ്രാര്‍ഥനയ്ക്ക് ഇടയ്ക്ക വായിച്ചത് കൃഷ്ണകുമാറും. പ്രാര്‍ഥനയ്ക്ക് മധ്യേ തന്നെ ഇടയ്ക്ക വാദനം ശ്രദ്ധിച്ച അബ്ദുല്‍ കലാം പ്രാര്‍ഥന കഴിഞ്ഞയുടന്‍ കൃഷ്ണകുമാറിനെ അടുത്തേക്ക് വിളിച്ചു. വാട്ടീസ് യുവര്‍ നെയിം എന്നായിരുന്നു ആദ്യത്തെ ചോദ്യം.
പേര് പറഞ്ഞയുടന്‍ വാട്ട് ഈസ് ദി നെയിം ഓഫ് ദിസ് ഇന്‍സ്ട്രുമെന്റ് എന്നായിരുന്നു ഇടയ്ക്ക ചൂണ്ടിക്കാട്ടി രണ്ടാമത്തെ ചോദ്യം. ഇടയ്ക്ക എന്ന് കൃഷ്ണകുമാര്‍ മറുപടി പറഞ്ഞെങ്കിലും അദ്ദേഹത്തിന് മനസിലായില്ല. തുടര്‍ന്ന് കൃഷ്ണകുമാര്‍ തമിഴില്‍ സംസാരിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ചൊല്ലുങ്കെ എന്നായി രാഷ്ട്രപതി. പിന്നെ സംസാരം തമിഴിലായി. തമിഴ്നാട്ടിലെ ഉടുക്കിനോട് സാമ്യമുള്ള ഇടയ്ക്ക എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു മനസിലാക്കി കൊടുത്തപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി.
ഇടക്കയില്‍ സപ്തസ്വരങ്ങള്‍ വായിച്ചതെങ്ങിനെ എന്ന് കലാം ചോദിച്ചപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് കൃഷ്ണകുമാര്‍. വായിച്ചു കേള്‍പ്പിച്ചു കൊടുത്തപ്പോള്‍ ഞാന്‍ കൊട്ടി നോക്കട്ടെ എന്നായി കുട്ടിത്തം നിറഞ്ഞ ചോദ്യം. തുടര്‍ന്ന് കൃഷ്ണകുമാറിന്റെ കൈയില്‍ നിന്നും കോല് വാങ്ങി ഇടയ്ക്കയില്‍ കൊട്ടിയെങ്കിലും ശബ്ദം പുറത്തുവന്നില്ല. എങ്ങനെ കൊട്ടണമെന്ന് കാണിച്ചു തരാം എന്ന് കൃഷ്ണകുമാര്‍ പറഞ്ഞെങ്കിലും വേണ്ട ഞാന്‍ കൊട്ടിക്കോളാം എന്ന് നിറഞ്ഞ കൗതുകത്തോടെ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാക്കുകള്‍.