15 July, 2023 12:35:27 PM
പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് 25000 രൂപ പിഴ
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 25000 രൂപ പിഴ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ അമ്മ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി. മഞ്ജിത്താണ് വിധി പുറപ്പെടുവിച്ചത്.
തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരി 20 ന് പൂച്ചട്ടിയിലാണ് കുട്ടി ഓടിച്ച സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. എംവിഡി ഉദ്യോഗസ്ഥർ കൈകാട്ടി നിർത്തിക്കുമ്പോൾ സ്കൂട്ടറിൽ മൂന്ന് പേരുണ്ടായിരുന്നു.
ഇതോടെ മോട്ടോർവാഹന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് എം.വി.ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന അച്ഛനെ കോടതി ഒഴിവാക്കി. കുട്ടി ഓടിച്ച വാഹനത്തിന്‍റെ ഉടമസ്ഥാവകാശം അമ്മയ്ക്കാണെന്ന് കണ്ടെത്തിയാണ് അച്ഛനെ ഒഴിവാക്കിയത്.