14 July, 2023 11:28:37 AM


കേരളത്തില്‍ ചികിത്സാസൗകര്യമില്ല: പുറത്ത് കൊണ്ടുപോകാനും അനുവാദമില്ല; ആനകളുടെ മരണനിരക്ക് കൂടുന്നു



തൃശൂര്‍: കൃത്യമായ ചികിത്സയുടെ അഭാവം കേരളത്തില്‍ ആനകളുടെ മരണനിരക്ക് കൂട്ടുവാന്‍ കാരണമാകുന്നു. കേരളത്തിന് വെളിയില്‍ നല്ല ചികിത്സാസംവിധാനമുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുവാന്‍ അവസരം ലഭിക്കുന്നില്ലെന്ന ആരോപണവുമായി ആന ഉടമസ്ഥര്‍ രംഗത്ത്. 


റിലയൻസ് കമ്പനിയുടെ നേതൃത്വത്തില്‍ ആധുനീകരീതിയില്‍ ഗുജറാത്തില്‍ ആരംഭിച്ചിരിക്കുന്ന ആശുപത്രിയില്‍ സ്കാനിംഗും ശസ്ത്രക്രിയയും ഉള്‍പ്പെടെ എല്ലാവിധ ചികിത്സാ സംവിധാനങ്ങളുമുണ്ടെന്നിരിക്കെ ഇത് പ്രയോജനപ്പെടുത്താന്‍ ഒരു വിഭാഗം ആളുകള്‍ തടസ്സം നില്‍ക്കുന്നുവെന്നതാണ് ആന ഉടമകളുടെ പരാതി.   


കേരളത്തില്‍ ഒരു വര്‍ഷം 20 നും മുപ്പതിനും  ഇടയില്‍ ആനകള്‍ ചെരിയുന്നുണ്ടെന്നാണ് കണക്ക്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മരണനിരക്ക് ഏറിവരികയുമാണ്. ആനകളുടെ രോഗം കൃത്യമായി കണ്ടെത്തി ചികിത്സിക്കാന്‍ കഴിയാത്തതാണ് ഇതിനു കാരണമെന്ന് ഉടമകള്‍ പറയുന്നു. രോഗം കൃത്യമായി കണ്ടെത്തി ചികിത്സിച്ചിരുന്നെങ്കില്‍  ഇതുവരെ ചെരിഞ്ഞ 90% ആനകളുടെയും ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞേനെയെന്നാണ് പറയുന്നത്. 


ഗുജറാത്തിലെ ആശുപത്രിയില്‍ ആനകളെ എത്തിച്ച് ചികിത്സിക്കാനുളള ശ്രമം ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ആന പ്രേമികള്‍, സംരക്ഷകര്‍ എന്ന പേരില്‍ ഒരു സംഘം ഇതിനെതിരെ രംഗത്തെത്തി. ആനകളെ ചികിത്സിക്കാനെന്ന പേരില്‍ വില്‍ക്കാനുളള ശ്രമമാണ് ഉടമകള്‍ നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ ഈ ആരോപണത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ആനയുടമകള്‍. ആനകളെ പുറത്തേക്ക് കൊണ്ടുപോയാല്‍ ചികിത്സയുടെ പേരിലും മറ്റും തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം ഇല്ലാതാകുമെന്ന് ഭയപ്പെടുന്ന ഒരു സംഘമാണ് ഈ എതിര്‍പ്പിന് പിന്നിലെന്ന് ആന ഉടമകള്‍ ആരോപിക്കുന്നു. 


തൃശ്ശൂർ ആമ്പല്ലൂരില്‍ മാസങ്ങളായി അസുഖം ബാധിച്ച് നില്‍ക്കുന്ന ഉട്ടോളി പ്രസാദ് എന്ന ആനയ്ക്ക് ഇതുവരെ കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ ആയിട്ടില്ല. കേരളത്തിലെ  സൗകര്യങ്ങള്‍ തീരെ അപര്യാപ്തമായതിനാല്‍ ഈ ആനയെ വെളിയില്‍ കൊണ്ട് പോയി ചികിത്സിച്ചാല്‍ രോഗം ഭേദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ആനയെ കേരളത്തിന് വെളിയില്‍ കൊണ്ട് പോകാന്‍ വനംവകുപ്പ് അധികൃതരുടെ അംഗീകാരം വേണം. എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുടെ ഇടപെടല്‍മൂലം നടപടികള്‍ അനന്തമായി നീളുകയാണെന്നും പ്രസാദ് എന്ന ആനയ്ക്കുണ്ടായ അനുഭവം ഭാവിയില്‍ കേരളത്തിലെ മറ്റൊരു ആനയക്കും ഉണ്ടാകാതിരിക്കാനുളള ശ്രമത്തിലാണ് ആനയുടമകള്‍. ഇതു സംബന്ധിച്ച് എലിഫന്‍റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ സെക്രട്ടറി പി.ശശികുമാർ എഴുതിയ കത്ത് ചര്‍ച്ചയാവുകയാണ്.


പി.ശശികുമാർ എഴുതിയ കത്തിന്‍റെ പൂര്‍ണരൂപം ചുവടെ.


"ഇനി ഒരു ആനക്കും ഈ ഗതി വരാതിരിക്കാൻ പ്രസാദിനോടൊപ്പം.


സുഹൃത്തെ,


ഈ യാത്രയെ എന്തിന് എതിർക്കണം .......!


തൃശ്ശൂർ ആമ്പല്ലൂരിലുള്ള ഉട്ടോളി പ്രസാദ് എന്ന ആനയെ ചികിത്സക്ക് എന്ന വ്യാജേന ഗുജറാത്തിലെ ട്രസ്റ്റിന്റെ കീഴിലുള്ള അശുപത്രിയിലേക്ക് കടത്തികൊണ്ട് പോകുവാനുള്ള നിക്കം തടയണം എന്നും കേരളത്തിലെ വനം വകുപ്പ് മന്ത്രിയും. സർക്കാരും, വനം വകുപ്പും മാഫിയകളും ആണ് ഈ നിക്കത്തിന് പിന്നിൽ എന്നും പ്രസാദ് ആനയുടെ യാത്ര തടഞ്ഞ് ഉൽസവങ്ങൾ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവമാധ്യമങ്ങളിൽ ചിലവാർത്തകൾ കണ്ടു.


ആദ്യമെ ഒരു കാര്യം പറയട്ടെ.


കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ , എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി എന്ന നിലയിലും ഗുജറാത്തിലെ അവരുടെ ആനകൾക്കുള്ളസുപ്പർ സ്പെഷ്യലിറ്റി അശുപത്രിയും, വിദഗ്ധ ചികിത്സ സൗകര്യവും സംവിധാനവും ഞാൻ നേരിട്ട് കണ്ടപ്പോൾ ഞങ്ങളുടെ നാട്ടിൽ ആനകളെ ചികിത്സിക്കുവാൻ  ട്രസ്റ്റിന് സ്ഥലം ഉണ്ടെന്നും, നിരവധി ആനകൾ വർഷംതോറും കേരളത്തിൽ ചെരിയുകയാണെന്നും, ഞങ്ങൾക്ക് അശുപത്രിയും ആധുനിക ചികിത്സ സംവിധാനവും നാളിതുവരെ ഒരുക്കുവാൻ സാധിച്ചിട്ടില്ലെന്നും, ആശുപത്രി സൗകര്യം ഒരുക്കി റിലയൻസും ട്രസ്റ്റുംസഹായിച്ചാൽ അത് വലിയ ഉപകരമായിരിക്കുമെന്നും അതിന്റെ ഉടമകളോട് , ഭാരവാഹികളോട് ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തിലും, കേരളത്തിൽ ആധുനിക ആശുപത്രി നിർമ്മിക്കുന്നതു വരെ ഗുരുതരമായ പരിക്കും, കേരളത്തിൽ ചികിത്സിച്ച് നാളിതുവരെ അസുഖം ഭേദമാകാത്ത ഒന്നോ രണ്ടോആനകളെ കൊണ്ടുപോയി സൗജന്യമായി ചികിത്സികുവാൻ സൗകര്യം ഒരുക്കി തന്നാൽ നന്നായിരിക്കും എന്നും ആവശ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് സുഹൃത്തുക്കളെ അവർ ഇത്തരം ഒരു കാര്യത്തിന് സഹകരിക്കാമെന്ന് സമ്മതിച്ചത്.


 സംഘടനക്കൊ , ഉടമകൾക്കോ, വനം വകുപ്പിനോ, സർക്കാരിനോ താൽപര്യം ഉണ്ടെങ്കിൽ നിയാമനുസൃതം വനം വകുപ്പിന്റെ മുൻകൂർ അനുമതിയോടെ വരികയാന്നെങ്കിൽ വിദേശിയരും സ്വദേശിയരുമായ ഡോകടർമാരുടെ സേവനം ഉൾപ്പടെ ഒന്നോ രണ്ടോ ആനകൾക്ക് സൗജന്യ ചികിത്സ , താമസ, ഭക്ഷണ സൗകര്യം പരിപൂർണ്ണമായും സൗജന്യമായിനൽകാമെന്നും സമ്മതിച്ചത്. അല്ലാതെ റിലയൻസും, അവരുടെ കീഴിലുള്ള ട്രസ്റ്റും ഉട്ടോളി പ്രസാദ് ആനയെ ബലമായി പിടിച്ച് കൊണ്ടുപോകുവാൻ ,കടത്തികൊണ്ട് പോകുവാൻ ശ്രമിച്ചതല്ല. കേരള സർക്കാരോ, വനം വകുപ്പോ, വനം മന്ത്രിയോ,, RSS, BJP യോ മറ്റ് രാഷ്ടിയ നേതൃത്വമോ, സംഘടനകളോ, വ്യക്തികളോ ഇതിൽ ഇടപെടുകയോ, ആനയെ കൊണ്ടുപോകുന്നതിന് സഹായിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ ആനയെ കൊണ്ടുപോകുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തത് ഞാൻ മാത്രമാണ്. അതിന്റെ എല്ലാ നല്ലതും പൊട്ടയും എനിക്ക് മാത്രമാണ്. മറ്റ് ആരെയും ഇതിൽ കുറ്റപെടുത്തേണ്ടതില്ല.


എന്താണ് സുഹൃത്തുക്കളെ പ്രശ്നം ..

കാര്യങ്ൾ എന്താണെന്ന് പോലും അറിയാതെ യാഥാർത്ഥ്യങ്ങൾ മറച്ച് വെച്ച് കൊണ്ട് , ദുഷ്പ്രചരണങ്ങൾ നടത്തിയാൽ , നവ മാധ്യമങ്ങളിൽ ഒന്ന് ഉറഞ്ഞ് തുള്ളിയാൽ , സേവ് എലിഫന്റ് എന്ന് പറഞ്ഞാൽ ബാക്കി കേരളത്തിലുള്ള 430ൽ താഴെയുള്ള നാട്ടനകൾ രക്ഷപെടുമോ....!

ഉൽസവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും നിലനിൽക്കുമോ .


മറ്റ് എല്ലാ സംസ്ഥാനങ്ങളിലേക്കും ആനകൾ യാത്ര ചെയ്യുമ്പോൾ , ആനകളുടെ പിഢനത്തിന്റെ പേര് പറഞ്ഞ് . മുറിവുകളുടെയും, ആന എഴുന്നള്ളിപ്പ് ദുരിതമാണെന്നും പറഞ്ഞ് കേരളത്തിലേക്ക് മാത്രം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകൾ വരാതിരിയക്കുകയുഠ , മറ്റ് സംസ്ഥാനങ്ങളിലേക്ക്പോകാതിരിയ്ക്കുകയും ചെയ്താൽ കേരളത്തിലെനാട്ടനകൾ കുറെ വർദ്ധിക്കും....അല്ലെ.


2023 ഏപ്രിൽ 1 ന് കേന്ദ്ര സർക്കാർ വനം - വന്യജീവി നിയമത്തിൽ ദേദഗതി വരുത്തിയിട്ടും പിറ്റെ ദിവസം മുതൽ കേരളത്തിലേക്ക് , ദേവസ്വങ്ങളിലേക്ക് വ്യക്തികളിലേക്ക് ആനകൾ ഒഴുകി എത്തും, അതിർത്തിയിൽ കാത്ത് നിൽക്കുന്നു എന്ന് പറഞ്ഞത്. വല്ലതും സംഭവിച്ചുവോ.....! ഇല്ല. ഒന്നും സംഭവിക്കില്ല. അതിന് ഇനിയും കടമ്പകൾ ഏറെ കടക്കണം. യാഥാർത്ഥ്യങ്ങൾക്ക് നേരെ മുഖം തിരിച്ചിട്ട് കാര്യമില്ല.

സുഹൃത്തുക്കളെ.

കഴിഞ്ഞ 23 വർഷമായി ആനയും, ഉൽസവവുമായി ബദ്ധപ്പെട്ട് പ്രവർത്തിയ്ക്കുന്ന ഒരു എളിയ പ്രവർത്തകനാണ് ഞാൻ . പാലകാപ്യവും, ഹസ്തായുർവേദവും ഒന്നും പഠിച്ചിട്ടില്ലങ്കിലും ആന മേഖലയെ അകത്തു നിന്നും പുറത്ത് നിന്നും നോക്കി കണ്ട ഒരു ആളാണ് ഞാൻ.


ഏകദേശം ഒരു 15 വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ പുഴയക്കൽ പാടത്ത് എടകുന്നി വാരിയത്തെ ഒരു ആന വണ്ടി ഇടിച്ച് ദിവസങ്ങളോളം കിടന്നപ്പോൾ അന്നത്തെ മുതിർന്ന ഡോകടർമാരായ പണിക്കർ സാറും, കൈമൾ സാറും, മുരളിധരൻ സാറും. ചീരൻ  സാറും മറ്റ് വിദഗ്ധരും , ആന ഉടമകളും പറഞ്ഞ് കേട്ട് തുടങ്ങിയതാണ്. ആധുനിക ആന ചികൽസാ കേന്ദ്രം, ആനകൾക്ക് വിശ്രമിക്കാൻസ്ഥലം, xray യൂണിറ്റ്, സ്കാനിംഗ് സൗകര്യം. ആനകൾക്ക് കിടക്കാൻ എയർ ബെഡ്, ആനകളെ ഉയർത്തി നിർത്തി ചികിത്സിക്കാൻ സ്ഥിരമായ ആധുനികക്രയിൻ സംവിധാനം .....!


ഇത് എവിടെ കിട്ടും, അമേരിക്കയിൽ ....!


റഷ്യയിൽ


ഇംഗ്ലണ്ടിൽ...! ലോകത്ത് എവിടെ കിട്ടും. നമ്മുക്ക് ഒന്ന് നോക്കണം.

വർഷങ്ങൾ കഴിഞ്ഞു. നാട്ടിക വിനോദ് എന്ന ആളുടെ ആന വണ്ടി ഇടിച്ച് ദിവസങ്ങളോളം കിടന്നു. ചെരിയുന്നതു വരെ ഇത് തന്നെ പറഞ്ഞു കേട്ടു .... റിത്ത് വെച്ച് ഉപചാരം ചൊല്ലി നമ്മൾ പിരിഞ്ഞു.


അഞ്ചോ ആറോ വർഷം മുൻപ് കുട്ടനെല്ലൂർ പത്മനാഭൻ എന്ന ആനക്ക് കാല് കുഴിയിൽ വിണ് പരിക്ക് പറ്റിയപ്പോൾ നമ്മൾ ഇത് തന്നെ പറഞ്ഞു. പുഷപ ചക്രം അർപ്പിച്ചു. നമ്മൾ നമ്മുടെ വഴിക്ക് പോയി ..!


മറ്റ് ചികൽസകളുടെയും പരിചരണത്തിന്റെയും കാര്യം ഞാൻ പറയുന്നില്ല. അത് അവിടെ നിൽക്കട്ടെ..!


വീണ്ടും കഴിഞ്ഞ 2 മാസം മുൻപ് മലപ്പുറം കോട്ടക്കലിൽ ഒരു ആന ഉൽസവത്തിനിടെ തെറ്റി ഒരു കുഴിയിൽപ്പെട്ട് കാലിന് പരുക്ക് പറ്റി നിന്ന സ്ഥലത്തിൽ നിന്ന് ഒന്ന് മാറ്റുവാൻ പോലും സാധിക്കാതെ, ഒരു xray എടുത്ത് എല്ല് പൊട്ടിയിട്ടുണ്ടോ എന്ന് പോലും നോക്കാൻ സാധിക്കാതെ നമ്മുടെ നിലവിലുള്ള വിദഗ്ധ ചികിത്സ കൊണ്ട് ചെരിഞ്ഞു. നമ്മൾ പ്രണാമം അർപ്പിച്ചു FB യിൽ ഫോട്ടോ ഇട്ടു. അവൻ യാത്രയായി നല്ല അടി കുറിപ്പ്.


ഏതെങ്കിലും ആനയെ ഇഷ്ടപെട്ടുന്ന ഒരു ചെറിയ കുട്ടി കരുയുന്ന ഫോട്ടോയും . വിലാപയാത്രയും .


നമ്മൾക്ക് തിരക്കായി അടുത്ത വർഷത്തെ പൂരം ഗംഭിരമാക്കാൻ, ഉയരം നോക്കാൻ , ഏക്കം കുടുമോ എന്ന് നോക്കാൻ ....!


ആനപ്രേമിക്ക് ഒരു കൊമ്പ് പിടിച്ച് സെൽഫി എടുക്കാൻ.


വിണ്ടും പാലകാപ്യമാഹാൽമ്യം ആശാൻമാർ ചൊല്ലി കൊടുത്തു. നമ്മൾ കേട്ടു. അവേശ പുളി കിതരായി....!


മതിയായ ചികിത്സയും പരിചരണവും കിട്ടാതെ അവർ യാത്ര പറഞ്ഞപോൾ ...!


നമ്മൾ പ്രണാമം അർപ്പിച്ച് അടുത്ത പണിക്ക് പോയപ്പോൾ ....!


ആരെങ്കിലും Save the Elephant എന്ന് പറഞ്ഞ് സൗകര്യം ഒരുക്കി തന്നുവോ....!


ഇല്ല. ആരെയും കുറ്റം പറഞ്ഞതല്ല.


തൃശ്ശൂർ പുത്തൂർ സ്വദേശിയുടെ ഒരു ആനയുടെ കാലിലെ മുറിവ് കണ്ട് ബഹു. ഹൈകോടതി സ്വമേധയ കേസ് എടുത്ത് ഇന്നും കണ്ണിന് കാഴച്ച കുറവ് എന്ന് പറഞ്ഞ് ഉടമയിൽ നിന്ന് ലക്ഷങ്ങൾചിലവ് കാശ് എഴുതി കൊടുത്ത് കോടനാട് സംരക്ഷിയ്ക്കുമ്പോൾ . മുറിവ് ഉണങ്ങി ഒന്ന് തിരിച്ച് നൽകിയാൽ നന്നായിരിക്കും....അതിന്റെ യാഥാർത്ഥ ഉടമ നാട്ടിൽ ഇല്ലാത്ത സമയത്താണ് ഇത് സംഭവിച്ചത്,  ഒരു തവണ മാപ്പ് ഉടമക്ക് കൊടുക്കണം. എന്ന് പറഞ്ഞ് ഏതെങ്കിലും രക്ഷകർ ബഹു.കോടതിയെ സമിപിച്ചുവോ., അവർക്ക് വേണ്ടി Save the Elephant എന്ന് FB യിൽ ഒരു ചെറിയ Post ഇട്ടുവോ, തമിഴ് നാട്ടിൽ നിന്നും വിഡിയോ ക്ലിപ്പ് വല്ലതും ഉണ്ടായോ....!


തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനിൽ നിന്ന് ഒരു അപകടം ഉണ്ടായപ്പോൾ , ആനയെ നിരോധിച്ചപ്പോൾ , അതിന്റെ ആന തൊഴിലാളികളെ വിളിച്ച് വരുത്തി അർദ്ധരാത്രി വരെ സ്റ്റേഷനിൽ ഇരുത്തി മനപൂർവ്വമായ നരഹത്യക്ക് കേസ് എടുക്കുമെന്ന് പറഞ്ഞ് ഭീഷണി ടത്തിയപ്പോൾ Save the Elephant. Save the date എന്ന് പറഞ്ഞ് കണ്ടാണശ്ശേരിപോലിസ് സ്റ്റേഷന് മുന്നിൽ ആരെയും ഉൽസവം രക്ഷിക്കാൻ ആനയെ രക്ഷിക്കാൻ കണ്ടതായി ഓർമ്മയില്ല.


തൃശൂർ ഏങ്ങണ്ടിയൂരിൽ പാദരോഗത്തിന് ചികൽസിച്ച് ,ചികൽസിച്ച്, ആനക്ക് പരലോകത്തക്ക്മോക്ഷം കിട്ടിയപ്പോൾ ഞാൻ ഈ പറയുന്ന ഒരുരക്ഷകരെയുംകണ്ടില്ല.




JCB കൊണ്ട് ഇടിച്ചും , കോടലി കൊണ്ട് വെട്ടിയും , കണ്ണ് തല്ലി പൊട്ടിച്ചും നിരവധി ഗജവിരൻമാരെ നമ്മുടെ നാട്ടിൽ നിന്ന് കാലപുരിക്ക് യാത്രയാക്കിയപ്പോൾ ഒരു രോക്ഷവും ആന സംരക്ഷണവും കണ്ടില്ല. അന്ന് നമ്മൾ നോക്കിയത് തല്ലിയവന്റെ , കൊന്നവന്റെ ഗ്രൂപ്പ് , ഫാൻസ് ഏത് എന്നായിരുന്നു. ഒരു ഉളുപ്പും ഇല്ലാതെ നമ്മൾ അവന്റെ ഏതു മരണത്തിന് നൽകി ഒരു സർട്ടിഫിക്കറ്റ് . ഹാർട്ട് അറ്റാക്ക് .....!




ഞാൻ ആരെയും കുറ്റം പറഞ്ഞതല്ല. ഞാൻ തികച്ചും വിശുദ്ധനായിട്ടും പറഞ്ഞതല്ല നമ്മുടെ നിലവിലുള്ള സംവിധാനവും അവസ്ഥകളും ഒന്ന് പറഞ്ഞു എന്ന് മാത്രം.


ഇനിയും കടുത്ത പ്രേമം പറഞ്ഞ് സത്യാവസ്ഥ മൂടി വെക്കണോ.!




ഇനിയും ഈ കൊട്ടി കളി തുടരണമോ...?




നമ്മുടെ നാട്ടിൽ ആനകളെ ചികൽസിക്കാൻ മതിയായ സൗകര്യം ഇല്ലെങ്കിൽ ഉടമക്ക് താൽപര്യം ഉണ്ടെങ്കിൽ ആധുനിക സംവിധാനമുള്ള, സൗകര്യമുള്ള അശുപത്രി എവിടെ ഉണ്ടങ്കിലും ഗുജറാത്തിലോ, ആസാമിലോ, തമിഴ് നാട്ടിലോ എവിടെയാണെങ്കിലും വനം വകുപ്പിന്റെ അനുമതിയോടെ കൊണ്ട് പോയി ചികിത്സിക്കട്ടെ. ..കൊണ്ടുപോകട്ടെ,കൊണ്ടു വരട്ടെ....!


നിയമാനുസൃതം ആവശ്യമായ രേഖകൾ ഉണ്ടെങ്കിൽ, വനം വകുപ്പിന്റെയും, ബഹു. സുപ്രിം കോടതി നിർദ്ദേശിച്ച കമ്മിറ്റിയുടെയും മുൻകൂർ അനുവാദത്തോടെ ഉടമകൾ ആവശ്യപ്പെട്ടാൽ കേരളത്തിൽ ഒരു നല്ല ആധുനിക ചികിത്സാ  സംവിധാനം ഉണ്ടാക്കുന്നതുവരെ അസുഖമുള്ള , എഴുന്നള്ളിക്കാൻ ബുദ്ധിമുട്ടുള്ള ആനകളെ കൊണ്ട് പോകുവാനും , തിരിച്ച്കൊണ്ടുവരുവാനും , ആയൂർവേദ ചികിത്സക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുവാനും ഞങ്ങൾ വനം വകുപ്പിനെയും ബദ്ധപ്പെട്ടവരെയും സംഘടനയുടെ പേരിൽ തന്നെ സമീപിക്കും ആവശ്യമായസഹായങ്ങൾ ചെയ്യുകയും ചെയ്യും. കേരളത്തിൽ ഒരു അത്യാധുനിക സൗകര്യമുള്ള ആശുപത്രി പണിയുവാൻ വേണ്ടിയുള്ള നടപടി തുടർന്നുകൊണ്ടേ ഇരിക്കും.




ചർച്ചകളും പോരാട്ടങ്ങളും നടക്കട്ടെ.




പി.ശശികുമാർ


സെക്രട്ടറി എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ. 


&


സംസ്ഥാന ജനറൽ സെക്രട്ടറി കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ".



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K