04 July, 2023 06:18:22 PM
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അയ്യായിരം രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്‍റ് പിടിയില്‍
തൃശൂർ : കൈക്കൂലി വാങ്ങുന്നതിന്നിടയിൽ വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിലായി. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്‍റ് അയ്യപ്പൻ ആണ് 5000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് പിടിയിലായത്.
പാലക്കാട് പട്ടാമ്പി സ്വദേശിയായ പരാതിക്കാരൻ തന്‍റെ പേരിലുള്ള സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സ്ഥലം നോക്കുന്നതിനായി ചെന്ന വില്ലേജ് അസിസ്റ്റന്‍റ് അയ്യപ്പൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഡിവൈഎസ്പി ജിം പോൾ. സി. ജി. യെ അറിയിക്കുകയും തുടർന്ന് ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും അയ്യപ്പൻ സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി ജിം പോൾ സി ജി, ഇൻസ്പെക്ടർ പ്രദീപ് കുമാർ, ജിഎസ് മാരായ പീറ്റർ, ജയകുമാർ എഎസ്ഐ ബൈജു, സിപിഒ മാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർമാരായ രതീഷ്, ബിജു, എബി തോമസ്, രാജീവ് എന്നിവരാണുണ്ടായിരുന്നത്.