03 July, 2023 02:19:26 PM


ബ്യൂട്ടിപാർലർ ഉടമയെ ലഹരിക്കേസിൽ കുടുക്കിയ സംഭവം; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ



തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഇൻസ്പെക്ടറായ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. 

ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് എൽഎസ്ഡി (ലഹരി സ്റ്റാമ്പ്) അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കണ്ടെത്തല്‍. എക്സൈസ് കമ്മീഷണറാണ് നടപടിക്ക് ഉത്തരവിട്ടത്. എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികളുണ്ടാകും.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. തൃശൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

ഷീലയുടെ ബാഗിൽ എൽഎസ്ഡി ഉണ്ടെന്ന് വിവരം ലഭിച്ചത് ഇന്‍റർനെറ്റ് നമ്പരിൽ നിന്നുള്ള ഫോൺ വിളിയിലൂടെയാണെന്നാണ് എക്സൈസ് ഇൻസ്പെക്ടർ കെ സതീശൻ പറയുന്നത്. ഉടമയുടെ ബാഗിൽ എൽഎസ്ഡിക്ക് സമാനമായ പത്രങ്ങൾ വച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്നും ഫോൺ സ്വിച്ചോഫ് ആണെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. 

ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടിപാർലറുടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് എൽസ്ഡി സ്റ്റാമ്പ് കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ഇതേതുടർന്ന് 72 ദിവസം ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നു.

ഇതിനിടെ, ഫോറൻസിക് റിപ്പോർട്ട് ഫലം വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കണ്ടെടുത്ത 12 സ്റ്റാമ്പുകളും എൽഎസ്ഡി അല്ല എന്ന് റിപ്പോർട്ടിൽ വ്യക്തമായതോടെ ഷീലയുടെ നിരപരാധിത്വം തെളിഞ്ഞു. 

അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്ന, ഷീലയുടെ ബന്ധു ബെംഗളൂരുവിൽ മോഡലായി ജോലി ചെയ്യുന്ന ഒരു സ്ത്രീയാണെന്നാണ് വിവരം. സംഭവത്തിന് രണ്ട് ദിവസം മുൻപ് ഈ സ്ത്രീയും ഇവരുടെ സഹോദരിയും ഷീലയുടെ വീട്ടിൽ ഉണ്ടായിരുന്നു. ഷീലയുടെ കാറും, സ്റ്റാമ്പ് കണ്ടെടുത്ത ബാഗും സ്ത്രീ ഉപയോഗിച്ചതായും ഷീല സമ്മതിക്കുന്നുണ്ട്. ഷീലക്കെതിരെ കേസെടുത്തതിൽ ഉദ്യോഗസ്ഥർക്ക് സാങ്കേതിക പിഴവുകളും സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

തനിക്കെതിരെ തെറ്റായ നടപടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ഷീല സണ്ണി വ്യക്തമാക്കിയിട്ടുണ്ട്. 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നതോടെ, ലോണെടുത്ത് തുടങ്ങിയ ബ്യൂട്ടിപാർലർ അടച്ചുപൂട്ടാൻ നിർബന്ധിതയായെന്നും വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം മുന്നോട്ടുപോകുന്നതെന്നും ഷീല പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K