01 July, 2023 09:42:20 PM


ബസില്‍ കുഴഞ്ഞുവീണ മധ്യവയസ്കന് അടിയന്തര ശുശ്രൂഷയിലൂടെ ജീവൻ തിരിച്ചുനല്‍കി ഡോക്ടര്‍



തൃശൂര്‍:  സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ മധ്യവയസ്കന് അടിയന്തര പ്രഥമ ശുശ്രൂഷയിലൂടെ ജീവൻ തിരിച്ചുനല്‍കി ഡോക്ടര്‍. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയറ്റ് പ്രൊഫസര്‍ ഡോ. കെ ആര്‍ രാജേഷാണ് തനിക്കുമുന്നില്‍ കുഴഞ്ഞുവീണ് അപകടത്തിലായ ചേര്‍പ്പ് സ്വദേശി രഘു (59) വിന് പുതു ജീവനേകിയത്. ഡോക്ടഴ്സ് ദിനത്തിലാണീ പ്രവൃത്തി എന്നത് യാദൃശ്ചികം.

ഇരിങ്ങാലക്കുടയിലെ വീട്ടില്‍നിന്ന് രാവിലെ ഗവ. മെഡിക്കല്‍ കോളേജിലേക്ക് വരുന്നതിനിടെ അശ്വിനി ആശുപത്രി കഴിഞ്ഞയുടൻ ബസില്‍ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചു നില്‍ക്കേ, ഡോ. രാജേഷ് മുന്നോട്ടുവന്ന് രോഗിയുടെ പള്‍സ് ഉള്‍പ്പെടെ പരിശോധിച്ചു. കാര്‍ഡിയാക് അറസ്റ്റ് ആണെന്ന് മനസ്സിലായ ഉടൻ സിപിആര്‍ നല്‍കാൻ തുടങ്ങി. ഒപ്പം, രോഗിയെ ഡോക്ടറുടെ നേതൃത്വത്തില്‍തന്നെ തൊട്ടടുത്ത ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

മാതൃകാപരമായ പ്രവര്‍ത്തനം നടത്തി രോഗിയുടെ ജീവൻ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രഘുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിഷ എം ദാസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K